ടിം ഡേവിഡിന് വെടിക്കെട്ട് സെഞ്ച്വറി; മൂന്നാം ടി20യിലും വിന്‍ഡീസിനെ വീഴ്ത്തി, പരമ്ബര സ്വന്തമാക്കി ഓസീസ്
വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്ബര സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ടി20യില്‍ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ പരമ്ബര പിടിച്ചെടുത്തത്.വെർണർ പാർക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറില്‍ നാല് വിക്കറ്റ് 214 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസീസിന് മുമ്ബില്‍ ഉയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.
വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ ടിം ഡേവിഡിന്റെ ഇന്നിങ്സിന്റെ കരുത്തിലാണ് ഓസീസ് വിജയത്തിലെത്തിയത്. ഇതോടെ പരമ്ബരയില്‍ 3-0ന് ഓസീസ് മുന്നിലെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബര തൂത്തുവാരിയതിന് പിന്നാലെയാണ് ടി20 പരമ്ബരയും ഓസ്ട്രേലിയ സ്വന്തമാക്കിയത്.
37 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ബൗണ്ടറികളും 11 സിക്സുകളും അടിച്ചുകൂട്ടി ഡേവിഡ് 23 പന്തുകള്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ്പും സെഞ്ച്വറി നേടിയിരുന്നു. 57 പന്തില്‍ പുറത്താവാതെ 102 റണ്‍സാണ് വിൻഡീസ് ക്യാപ്റ്റൻ നേടിയത്. എട്ട് ഫോറുകളും ആറ് സിക്സുമാണ് താരം നേടിയത്. ബ്രാണ്ടൻ കിംഗ് അർധ സെഞ്ച്വറിയും നേടി. 36 പന്തില്‍ മൂന്ന് ഫോറുകളും ആറ് സിക്‌സും അടക്കം 62 റണ്‍സാണ് ബ്രാണ്ടൻ കിംഗ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും (19 പന്തില്‍ 22), ഗ്ലെന്‍ മാക്സ്‌വെല്ലും (7 പന്തില്‍ 20) 2.2 ഓവറില്‍ 30 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ടെങ്കിലും പവര്‍ പ്ലേ പിന്നിടുമ്ബോള്‍ ജോഷ് ഇംഗ്ലിസിനെ കൂടി നഷ്ടമായതോടെ (6 പന്തില്‍ 15) ഓസീസ് 61-3 എന്ന നിലയില്‍ പതറി. കാമറൂണ്‍ ഗ്രീന്‍ (14 പന്തില്‍ 11) പുറത്താവുമ്ബോള്‍ ഓസീസ് സ്കോര്‍ 8.5 ഓവറില്‍ 87 റണ്‍സായിരുന്നു. എന്നാല്‍, ടിം ഡേവിഡും മിച്ചല്‍ ഓവനും ചേർന്ന് അഞ്ചാം വിക്കറ്റില്‍ 46 പന്തില്‍ നിന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓവൻ 16 പന്തില്‍ 36 റണ്‍സ് നേടി.
വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്ബര രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ തന്നെ സ്വന്തമാക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. പരമ്ബരയിലെ നാലാം മത്സരം നാളെയാണ് നടക്കുന്നത്. പരമ്ബര നഷ്ടമായ വിൻഡീസ് ആശ്വാസ ജയമായിരിക്കും ലക്ഷ്യം വെക്കുക. എന്നാല്‍ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് ടി20 പരമ്ബരയും സർവാധിപത്യത്തോടെ സ്വന്തമാക്കാനായിരിക്കും ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുക.