Fincat

അടച്ച്‌ തീര്‍ക്കാന്‍ ബാക്കിയുള്ളത് കോടികള്‍; ഇന്ത്യൻ താരത്തിനെതിരെ കേസുമായി ഏജൻസി


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് തിരിച്ചടി. നിതീഷിനെതിരെ അഞ്ച് കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് താരത്തിന്‍റെ മുന്‍ ഏജന്‍സി.ഇംഗ്ലണ്ട് പര്യടനത്തിനായി നിലവില്‍ ടീമിലുള്ള നിതീഷ് കുടിശ്ശിക തുകയായി അഞ്ച് കോടി രൂപ നല്‍കണമെന്ന് കാണിച്ചാണ് കേസ്.
ബെംഗളൂരു ആസ്ഥാനമായ സ്‌ക്വയര്‍ ദി വണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അടയ്ക്കാനുള്ള അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌ക്വയര്‍ ദി വണ്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് നിതീഷ് കുമാര്‍ റെഡ്ഡി സ്‌ക്വയര്‍ ദി വണ്ണുമായുള്ള നാല് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച്‌ പുതിയ മാനേജരെ നിയമിച്ചത്, തുടര്‍ന്ന് പര്യടനത്തിനിടെ തന്നെ നിതീഷ് മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ മാനേജരുമായി കരാര്‍ ഒപ്പിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെയാണ് സ്‌ക്വയര്‍ ദി വണ്‍ കമ്ബനി കുടിശ്ശിക തുക ആവശ്യപ്പെട്ട് നിയമനടപടിയിലേക്ക് കടന്നത്. മാനേജ്‌മെന്റ് കരാര്‍ ലംഘിച്ചുവെന്നും കുടിശ്ശിക അടയ്ക്കുന്നില്ലെന്നും ആരോപിച്ച്‌ ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ ആക്ടിലെ സെക്ഷന്‍ 11(6) പ്രകാരം ഹര്‍ജി സമര്‍പ്പിച്ചു. കേസ് തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിക്കുമെന്നാണ് വിവരം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നിലവില്‍ ഇന്ത്യൻ ഇലവന് പുറത്താണ് നിതീഷ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കാല്‍മുട്ടിനാണ് നിതീഷിന് പരുക്കേറ്റത്. പരിക്കിനെ തുടർന്ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് നിതീഷിനെ ഒഴിവാക്കിയിരുന്നു. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.