Fincat

2 യുവതികളും യുവാക്കളും സഞ്ചരിച്ച ഇന്നോവ കാറിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്.

ആൻസിയെ കഴിഞ്ഞ വർഷവും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മയക്കുമരുന്നുമായി വീണ്ടും പിടിയിലാകുന്നത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും സ്വാലിഹും വന്നതെന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.

 

ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി മയക്കുമരുന്ന് വിപണനം തടയാൻ പൊലീസിൻ്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് ആൻസി മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. പിന്നാലെ ആൻസിയുടെയടക്കം ഗൂഗിൾ പേ, ഫോൺപേ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പൊലീസ് പരിശോധിച്ചു.

പിടിയിലാകുന്ന സമയത്ത് ഇന്നോവ കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ഈ കാറും ഇപ്പോൾ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിൻ്റെ നിർദ്ദേശ പ്രകാരം മണ്ണാർക്കാട് ഡി വൈ എസ് പി സന്തോഷ് കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോങ്ങാട് ഇൻസ്പെക്ടർ ആർ സുജിത് കുമാർ, സബ് ഇൻസ്പെക്ടർ വി വിവേക്, എഎസ്ഐമാരായ സജീഷ്, പ്രശാന്ത്, ജയിംസ്, ഷീബ, സീനിയർ സിപിഒമാരായ സാജിദ്, സുനിൽ, പ്രസാദ് എന്നിവരും സിപിഒമാരായ ധന്യ ആർ, ധന്യ വി വി, സൈഫുദ്ദീൻ എ എന്നിവർ പരിശോധനയിൽ ഭാഗമായി. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.