ഫിഫ്റ്റികളുമായി നിലയുറപ്പിച്ച് ജഡേജയും സുന്ദറും; മാഞ്ചസ്റ്ററില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ ലീഡ് മറികടന്നു
മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടന്ന് ഇന്ത്യ. ഫിഫ്‌റ്റികളുമായി ക്രീസിലുള്ള വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്രതീക്ഷ കാത്തത്.നിലവില്‍ 112 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്നലെ 311 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഓവറില്‍ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. സ്കോർ പൂജ്യത്തില്‍ നില്‍ക്കുമ്ബോഴായിരുന്നു ഇരു വിക്കറ്റുകളും വീണത്. ക്രിസ് വോക്‌സാണ് ഇന്ത്യയെ തകർത്തത്. പിന്നീട് രാഹുലും ഗില്ലും മൂന്നാം വിക്കറ്റില്‍ 188 റണ്‍സ് ചേർത്തു.
ഒടുവില്‍ 90 റണ്‍സ് നേടിയ രാഹുലും 103 റണ്‍സ് നേടിയ ഗില്ലും ഇന്ന് ആദ്യ സെഷനില്‍ തന്നെ പുറത്തായി. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ ജഡേജ-സുന്ദർ കൂട്ടുകെട്ട് പ്രതീക്ഷ കാക്കുകയായിരുന്നു. വിക്കറ്റ് പോകാതെ പരമാവധി ലീഡ് എടുക്കുകയായും ഇന്ത്യയുടെ ഇനിയുള്ള ലക്ഷ്യം.