Fincat

‘കോഹ്‌ലിയെ പുറത്താക്കി മറ്റൊരു താരത്തെ ക്യാപ്റ്റനാക്കാന്‍ ആര്‍സിബി ശ്രമിച്ചു’; വെളിപ്പെടുത്തലുമായി മൊയീന്‍ അലി


റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടീമിലെ മുൻ താരവും ഇംഗ്ലീഷ് ഓള്‍ റൗണ്ടറുമായിരുന്ന മൊയീൻ അലി.2019ല്‍ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആർസിബി ആലോചിച്ചിരുന്നതായാണ് മൊയീൻ അലി വെളിപ്പെടുത്തുന്നത്. കോഹ്‌ലിയെ പുറത്താക്കി പകരം ടീമിലെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന പാർഥീവ് പട്ടേലിനെ ക്യാപ്റ്റനാക്കാനാണ് ആർസിബി ശ്രമിച്ചിരുന്നതെന്നും മൊയീൻ അലി പറഞ്ഞു.
‘ആർസിബിയുടെ പരിശീലകനായി ഗാരി കിർസ്റ്റണിന്‍റെ അവസാന വർഷമായിരുന്നു. വിരാട് കോഹ്‌ലിയെ മാറ്റി പാർഥീവ് പട്ടേലിനെ ക്യാപ്റ്റനാക്കുന്നത് ടീം കാര്യമായി പരിഗണിച്ചിരുന്നു. പാർഥീവിന്റെ ക്രിക്കറ്റ് തന്ത്രങ്ങള്‍ മികച്ചതായിരുന്നു. ആ സമയത്ത് അക്കാര്യം ഗൗരവമായി തന്നെ ചർച്ച ചെയ്തിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നോ, എന്തുകൊണ്ട് അത് യാഥാർഥ്യമായില്ലെന്നോ എനിക്കറിയില്ല, പക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പാർഥീവിനെ ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്’, സ്പോർട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ മൊയീൻ അലി തുറന്നുപറഞ്ഞു.

2013 ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നായകസ്ഥാനം കോഹ്ലി ഏറ്റെടുക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ കിരീടം ടീമിന് നേടി കൊടുക്കുന്നതില്‍ പരാജയപ്പെട്ടതിന് അദ്ദേഹം പലപ്പോഴും വിമർശിക്കപ്പെട്ടിരുന്നു. 2016 ല്‍ ആർ‌സി‌ബി ഫൈനലില്‍ എത്തിയെങ്കിലും അവിടെ ടീമിന് കിരീടം നേടാനായില്ല. വിരാട് ആ സീസണില്‍ 900 ല്‍ അധികം റണ്‍സ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. പക്ഷേ തുടർന്നുള്ള സീസണുകളില്‍ ടീമിന് ആ സ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ല.

2021ല്‍ ആണ് വിരാട് കോഹ്ലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. ബാറ്റിങ്ങില്‍ പൂർണമായും ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻസി രാജിവയ്ക്കുന്നത് എന്നാണ് കോഹ്ലി ആ സമയം പറഞ്ഞത്. കോഹ്ലിക്ക് പിന്നാലെ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഡുപ്ലെസിസിലേക്ക് എത്തി. ഒടുവില്‍ രജത് പാടിദാറിന് കീഴില്‍ 2025ല്‍ ആർസിബി കാത്തിരുന്ന ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ഈ സീസണില്‍ കോഹ്ലി 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സ് ആണ് അടിച്ചെടുത്തത്.