Fincat

ഒന്നാം സ്ഥാനം ഉറപ്പിച്ച്‌ ശുഭ്മന്‍ ഗില്‍, റണ്‍വേട്ടയില്‍ ആദ്യ നാലുപേരും ഇന്ത്യക്കാര്‍; റെക്കോര്‍ഡ്


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ റണ്‍വേട്ടയില്‍ ആദ്യ നാലു സ്ഥാനങ്ങളും സ്വന്തമാക്കി ഇന്ത്യൻ താരങ്ങള്‍. ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് ഇന്ത്യൻ താരങ്ങള്‍ 500 റണ്‍സിലധികം നേടുന്നത്.ഒരു പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന സുനില്‍ ഗവാസ്കറുടെ(774) റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും 754 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ആണ് റണ്‍വേട്ടയില്‍ ഒന്നാമത്. നാലു സെഞ്ചുറികളും ഗില്‍ പരമ്ബരയില്‍ നേടി.

റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ കെ എല്‍ രാഹുലാണ്. ഓപ്പണറെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ ഒരു പരമ്ബരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരനെന്ന ഗവാസ്കറുടെ(542) റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായെങ്കിലും 532 റണ്‍സുമായാണ് രാഹുല്‍ റണ്‍വേട്ടയില്‍ രണ്ടാമനായത്.

മധ്യനിരയില്‍ ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലായി മാറിയ രവീന്ദ്ര ജഡേജയാണ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെ ബാറ്റര്‍. അഞ്ച് ടെസ്റ്റില്‍ അഞ്ച് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 516 റണ്‍സാണ് ജഡേജ നേടിയത്.

അവസാന ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്നിട്ടും റണ്‍വേട്ടയില്‍ റിഷഭ് പന്ത് നാലാമതുണ്ട്. നാലു കളികളില്‍ 479 റണ്‍സാണ് റിഷഭ് പന്ത് അടിച്ചെടുത്തത്.

ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷം നിറം മങ്ങിയ യശസ്വി ജയ്സ്വാള്‍ അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ സെഞ്ചുറിയിലൂടെ അഞ്ച് കളികളില്‍ 411 റണ്‍സുമായി റണ്‍വേട്ടയില്‍ എട്ടാമത് എത്തി.

സ്പെഷലിസ്റ്റ് ബാറ്ററായി നാലു ടെസ്റ്റുകളില്‍ കളിച്ച കരുണ്‍ നായരെ ഓള്‍ റൗണ്ടറായി ഇറങ്ങിയ വാഷിംഗ്ടണ്‍ സുന്ദര്‍ റണ്‍വേട്ടയില്‍ പിന്നിലാക്കി. നാലു കളികളില്‍ നിന്ന് കരുണ്‍ ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 205 റണ്‍സ് നേടിയപ്പോള്‍ സുന്ദര്‍ നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 284 റണ്‍സ് നേടി റണ്‍വേട്ടയില്‍ പന്ത്രണ്ടാം സ്ഥാനത്തെത്തി.

ഐപിഎല്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ സായ് സുദര്‍ശന് പക്ഷെ ഇംഗ്ലണ്ടില്‍ മികവ് കാട്ടാനായില്ല. മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 140 റണ്‍സ് മാത്രമാണ് സായ് സുദര്‍ശന് നേടാനായത്.

ആദ്യ നാലു ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന ജുറെലിന് അവസാന ടെസ്റ്റില്‍ റിഷ്ഭ് പന്തിന്‍റെ പകരക്കാരനായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും രണ്ട് ഇന്നിംഗ്സില്‍ നിന്നുമായി നേടിയത് 53 റണ്‍സ് മാത്രമാണ്.