Fincat

‘ഗൂഗിളില്‍ തിരഞ്ഞ് ഫോണ്‍ വാള്‍പേപ്പര്‍ മാറ്റി!’; ബ്രൂക്കിന്റെ ക്യാച്ച്‌ വിട്ടതില്‍ പ്രതികരിച്ച്‌ സിറാജ്


ഓവലിലെ നാലാം ദിനം മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച്‌ വിട്ടതില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.അഞ്ചാം ദിനം നിർണായകമായ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു സിറാജ്. ആ ക്യാച്ച്‌ എടുത്തിരുന്നെങ്കില്‍ മത്സരത്തിൻ‌റെ ഗതി തന്നെ മറ്റൊന്നായിരുന്നേനെയെന്നും സിറാജ് പറഞ്ഞു.
മത്സരം പോയി കൈവിട്ടുപോയി എന്നാണ് ഞാൻ ആ നിമിഷം കരുതിയത്. ഇന്നലെ ബ്രൂക്കിനെ പുറത്താക്കാൻ സാധിച്ചിരുന്നെങ്കില്‍‌ മത്സരം മറ്റൊന്നായിരുന്നു. മത്സരത്തിന്റെ ഗതി മാറ്റിമറിച്ച നിമിഷമായതിനാല്‍ ഞാൻ അതിനെക്കുറിച്ച്‌ ചിന്തിച്ചു. പക്ഷേ ഞങ്ങള്‍ തിരിച്ചടിച്ച രീതി വളരെ പ്രശംസ അർഹിക്കുന്നതാണ്. ഇന്ന് രാവിലെ ഞാൻ ഉണർന്നപ്പോള്‍ ഞാൻ സ്വയം പറഞ്ഞു, ഞാൻ ഇന്ന് മത്സരത്തിന്റെ ഗതി മാറ്റും, ‘ബിലീവ്’ എന്ന ഇമോജി ഗൂഗിളില്‍ തിരഞ്ഞു എന്റെ വാള്‍പേപ്പറാക്കി, സിറാജ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രമുള്ള വാള്‍പേപ്പർ സിറാജ് കാണിക്കുകയും ചെയ്തു
ഓവലിലെ നാലാം ദിനമാണ് ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഒരു നിമിഷത്തെ അശ്രദ്ധയില്‍ സിറാജ് കൈവിട്ടത്. പ്രസീദ്ധ് കൃഷ്ണ എറിഞ്ഞ 35ാം ഓവറിലാണ് സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിന്റെ ആ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ബ്രൂക്ക് സിക്സറിലേക്ക് പറത്തി.
ബൗണ്ടറി ലൈനിനരികെ ഈ സമയത്ത് മുഹമ്മദ് സിറാജ് ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. താരം ബ്രൂക്കിന്റെ ഷോട്ട് കൈയില്‍ ഒതുക്കുകയും ചെയ്തു. പിന്നിലേക്ക് ആഞ്ഞാണ് ക്യാച്ചെടുത്തത്. അതിനിടെ നില തെറ്റിയ സിറാജിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടു. താരം ലൈനിനു പുറത്തേക്ക് ചാടുകയും ചെയ്തു. അതിനു ശേഷമാണ് അബദ്ധം മനസിലായത്. ആ ഷോട്ട് സിക്‌സായി പരിണമിച്ചു.

ജീവന്‍ തിരികെ കിട്ടിയ ബ്രൂക്ക് ഇതേ ഓവറില്‍ രണ്ട് ഫോറുകള്‍ കൂടി തൂക്കി മൊത്തം 16 റണ്‍സ് വാരി. ആ സമയത്ത് 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് പിന്നീട് സെഞ്ച്വറിയിലേക്ക് എത്താനായി. 98 പന്തില്‍ രണ്ട് സിക്‌സും 14 ബൗണ്ടറിയും സഹിതം 111 റണ്‍സെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്.അതേസമയം ഓവല്‍‌ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറ് റണ്‍സിന് വീഴ്ത്തി ത്രില്ലർ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 367 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഓവലില്‍ ഇന്ത്യയുടെ വിജയത്തിന്റെ ശില്‍‌പ്പി. നിർണായകമായ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് സ്വന്തമാക്കിയ പ്രസീദ്ധ് കൃഷ്ണയുമാണ് ഇന്ത്യയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്.