Fincat

മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ചു, ഓടിയെത്തിയ പൊലീസിനെ കടിച്ചു, മൂക്കിനിടിച്ചു, യുവാവ് അറസ്റ്റിൽ

പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിതാവിനെ മർദിച്ച ശേഷം വീട്ടുപകരണങ്ങൾ നശിപ്പിച്ച പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ്. സംഭവത്തിൽ വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) നെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. ബാലരാമപുരം മംഗലത്തുകോണം മുടിപ്പുരയ്ക്ക് സമീപം താമസിക്കുന്നതും വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ യുമായ കണ്ണൻ (38) നാണ് വലതുകൈയിൽ കടിയേറ്റത്. കൂടാതെ മൂക്കിലും ഇടിച്ച് പരിക്കേൽപ്പിച്ചു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഷാഫിൻ സ്വന്തം പിതാവിനെ മർദ്ദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് വീട്ടിലെത്തിയ പൊലീസുകാരൻ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ പൊലീസിന് നേർക്ക് അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്നും വീട്ടിൽ പതിവായി ബഹളമുണ്ടാക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.