കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി
കണ്ണൂർ: സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന സമയം എംഎസ്എഫ് – കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എഫ്‌ഐ സ്ഥാനാർത്ഥിയായ വിദ്യാർഥിനി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് കൊണ്ട് പോയെന്ന് എംഎസ്എഫ് ആരോപിക്കുന്നു.
അതിനിടെ അകാരണമായി വിദ്യാർഥിനിയെ തടഞ്ഞുവച്ചുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ എസ്എഫ്‌ഐ തടഞ്ഞുവെന്ന് കെഎസ്‌യു ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം എസ്എഫ്‌ഐ നിഷേധിച്ചിട്ടുണ്ട്.
വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശി. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാൻ വിസിക്ക് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയ്ക്കായി എത്തിയ പൊലീസ് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു