Fincat

ജമ്മു കശ്മിര്‍: പുതിയ ഭരണക്രമങ്ങളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കാൻ അധികാരത്തിനാവും


ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മിർ മുൻ ഗവർണ്ണർ സത്യപാല്‍ മാലിക്കിന്റെ വിയോഗം. മോദി സർക്കാർ ഭരണഘടനയുടെ 370 ാം വകുപ്പ് നിർവീര്യമാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ട് ജമ്മു കാശ്മീരിനെ രണ്ടാക്കിയതും 2019 ല്‍ ഇതുപോലൊരു ഓഗസ്റ്റ് അഞ്ചിനായിരുന്നുവെന്നത് യാദൃച്ഛികമാവാം.ജമ്മു കശ്മീർ ഗവർണ്ണർ എന്ന നിലയില്‍ ആ നീക്കത്തിന്റെ ചാലകശക്തിയായി അന്ന് മുൻനിരയില്‍ മാലിക്കുമുണ്ടായിരുന്നു. പക്ഷേ, അവസാനകാലത്ത് മാലിക്കിന്റെ മനസ്സില്‍ ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നെങ്കില്‍ അത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു കിട്ടണമെന്നതായിരുന്നു. രണ്ട് കൊല്ലം മുമ്ബ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തില്‍ ഈ ആഗ്രഹം മാലിക് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ജൂലായ് 14ന് ജമ്മു കശ്മീരില്‍ നിന്നുമുയർന്ന ദൃശ്യം മാലിക് കണ്ടിരുന്നോ എന്നറിയില്ല. കാരണം അപ്പോഴേക്കും അദ്ദേഹം ശാരീരിക ക്ലേശങ്ങളാല്‍ ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരു മതില്‍ ചാടിക്കടക്കുന്ന കാഴ്ചയായിരുന്നു അത്. 1931 ജൂലായ് 13ന് ശ്രീനഗറില്‍ രാജാവിന്റെ സൈന്യവുമായി ഏറ്റുമുട്ടി 22 പേർ കൊല്ലപ്പെട്ടിരുന്നു. നാഷണല്‍ കോണ്‍ഫറൻസ് അടക്കമുള്ള പാർട്ടികള്‍ രക്തസാക്ഷി ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്. ഇത്തവണ ജൂലായ് 13ന് രക്തസാക്ഷി സ്മാരകത്തിലേക്ക് പോകാനുള്ള ഒമറിന്റെ നീക്കം തടയപ്പെട്ടു. ലെഫ്റ്റനന്റ് ഗവർണ്ണറുടെ ഉത്തരവ് പ്രകാരം വീടിനു ചുറ്റും മുള്ളുകമ്ബികൊണ്ടുള്ള വേലി ഉയർത്തി താൻ പുറത്തേക്ക് പോകുന്നത് പോലിസ് തടയുകയായിരുന്നുവെന്നാണ് ഒമർ പറയുന്നത്. തൊട്ടടുത്ത ദിവസം തിങ്കളാഴ്ച പക്ഷേ, ഒമർ പോലിസിനെ മറികടന്ന് രക്തസാക്ഷി സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അർപ്പിച്ചു. ഇതിന്റെ ഭാഗമായിരുന്നു ഒമറിന്റെ മതില്‍ ചാട്ടം. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി വീട്ടു തടങ്കലിലാവുന്നതും പോലീസുമായി മല്‍പ്പിടിത്തം നടത്തുന്നതും മാർക്വേസും ഹുവാൻ റുള്‍ഫൊയുമൊക്ക ലാറ്റിനമേരിക്കൻ സാഹിത്യത്തില്‍ ആവിഷ്കരിക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ ജീവിക്കുന്ന ഏടുകളെന്നേ വിശേഷിപ്പിക്കാനാവൂ.

ഉലയുന്ന വിശ്വാസം

വികസനം, മുഖ്യധാരയുമായുള്ള ഉദ്ഗ്രഥനം , സമാധാനവും ശാന്തിയും നിറയുന്ന ഭാവി എന്നിങ്ങനെയുള്ള സമ്മോഹന വാഗ്ദാനങ്ങളായിരുന്നു ജമ്മു കാശ്മീരിന്റെ ജാതകം തിരുത്തിയെഴുതിയപ്പോള്‍ പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ചത് . ആറു വർഷങ്ങള്‍ക്കിപ്പുറം ഈ ഓഗസ്റ്റ് അഞ്ചിന് ചൊവ്വാഴ്ച ഒമർ എക്സില്‍ ഇങ്ങനെ എഴുതി : ”നാളെ എന്തൊക്കെയോ സംഭവിക്കുമെന്ന ആഖ്യാനങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഭാഗ്യവശാല്‍ മോശമായതൊന്നും ഉണ്ടാവില്ല. നിർഭാഗ്യവശാല്‍ നല്ലതും സംഭവിക്കില്ല.” ഒമറിന്റെ വാക്കുകളില്‍ ജമ്മു കശ്മീരിന്റെ വർത്തമാനവും ഭൂതവുമുണ്ട്. കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധി പറഞ്ഞത് രണ്ട് കൊല്ലം മുമ്ബാണ്. 2024 സെപ്റ്റംബർ 30 നു മുമ്ബ് തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്നും വിധിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ആദ്യത്തെ ആവശ്യം കേന്ദ്ര സർക്കാർ നിറവേറ്റി. രണ്ടാമത്തെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നു.

ഒരു സംസ്ഥാനത്തിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ സംഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. സ്വയം നിർണ്ണയാവകാശം നഷ്ടപ്പെടുന്ന ജനതയ്ക്കേ അതിന്റെ ദുഖമറിയൂ. പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും സൃഷ്ടിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. പക്ഷേ, സംസ്ഥാന പദവി എടുത്തുകളഞ്ഞ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറല്‍ കാഴ്ചപ്പാടിന്റെ നഗ്നമായ ലംഘനമാണെന്ന നിശിത വിമർശമുണ്ടായി. ഈ നിലയ്ക്കാണെങ്കില്‍ സർക്കാരിനെ പിരിച്ചുവിട്ട ശേഷം നിയമസഭയുടെ അധികാരങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാർലമെന്റിന് ഏത് സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശമാക്കാനാവില്ലേ എന്ന ചോദ്യവുമുയർന്നു.

ജമ്മു കശ്മിർ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ചന്ദ്രചൂഡ് അടുത്തിടെ ഈ വിഷയവുമായി മുഖാമുഖം വന്നു. സംസ്ഥാന പദവി തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് സമയക്രമം നിശ്ചയിക്കാതിരുന്നത് എന്ന ചോദ്യമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് നേരിട്ടത്. ഇതിന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: ” ഭരണം എന്ന് പറയുന്നത് വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്റർ ജനറല്‍ പറഞ്ഞത്. ആ ഉറപ്പ് ഞങ്ങള്‍ വിശ്വസിച്ചു.” രാജ്യത്തെ പരമോന്നത നീതിപീഠമാണ് സുപ്രീം കോടതി. ഭരണകൂടത്തിന്റെ പ്രതിനിധിയാണ് സൊളിസിറ്റർ ജനറല്‍. എക്സിക്യൂട്ടിവിനും ജുഡീഷ്യറിക്കും ഇടയിലുള്ള വിശ്വാസമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അളവ്കോല്‍. അതിനിടർച്ചയുണ്ടാവുന്നത് ആത്യന്തികമായി ബാധിക്കുക ഇന്ത്യൻ റിപ്പബ്ലിക്കിനെത്തന്നെയാണ്.

സത്യവും അനുരഞ്ജനവും

ജമ്മു കശ്മീരിന്റെ മുറിവ് എല്ലാ അർത്ഥത്തിലും സങ്കീർണ്ണമാണ്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട അതിക്രമങ്ങളും പലായനവും ഈ മുറിവിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം വിധിപറഞ്ഞ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷൻ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ടത്. വർണ്ണവിവേചനത്തിനെതിരെ കടുത്ത പോരാട്ടം നടത്തി ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേല ഉയർത്തിപ്പിടിച്ച ദർശനമായിരുന്നു സത്യത്തിന്റെയും അനുരഞ്ജനത്തിന്റെയും കമ്മീഷൻ. പ്രതികാരവും പകയുമല്ല സഹിഷ്ണുതയും പാരസ്പര്യവുമാണ് മനുഷ്യരാശിയെ മുന്നോട്ടുകൊണ്ടുപോവുന്നതെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നില്‍. ഈ വഴി ജമ്മു കശ്മീരിലും തുറക്കണമെന്നാണ് ജസ്റ്റിസ് കൗള്‍ ആവശ്യപ്പട്ടത്. ജമ്മു കാശ്മീരിന്റെ മുറിവുണക്കാൻ ഇതിലും മനോഹരവും ആഴമാർന്നതുമായ മറ്റൊരു മാർഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. ജന്മം കൊണ്ട് കശ്മീരി പണ്ഡിറ്റാണ് ജസ്റ്റിസ് കൗള്‍ എന്നതും ഈ ആശയത്തിന്റെ മാറ്റ് കൂട്ടുന്നു.

കശ്മീരിലെ ജനതയെ ബലം പ്രയോഗിച്ച്‌ അടിച്ചമർത്താൻ നോക്കിയാല്‍ അത് ഇന്ത്യയെന്ന ആശയത്തിന്റെ ആത്മഹത്യയായിരിക്കും എന്ന് പറഞ്ഞത് ജയപ്രകാശ് നാരായണ്‍ ആണ്. ഇന്ത്യ കണ്ട രണ്ട് സുശക്തരായ പ്രധാനമന്ത്രിമാരോട് – നെഹ്രുവിനോടും ഇന്ദിരാ ഗാന്ധിയോടും- ഇക്കാര്യം തുറന്നു പറയാൻ ജെപിക്ക് മടിയുണ്ടായിരുന്നില്ല. പുതിയ സമവാക്യങ്ങള്‍ രചിക്കുമ്ബോള്‍ നാഷനല്‍ കോണ്‍ഫറൻസും പീപ്പിള്‍സ് ഡെമൊക്രാറ്റിക് പാർട്ടിയും ദുർബ്ബലമാവുമെന്നും കോണ്‍ഗ്രസ് തിരസ്കരിക്കപ്പെടുമെന്നും ജമ്മു കശ്മീരില്‍ ബിജെപി പങ്കാളിത്തമുള്ള സർക്കാർ നിലവില്‍ വരുമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു ബിജെപി. പക്ഷേ, 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഈ ഗണിതം തെറ്റിച്ചു. ഈ യാഥാർത്ഥ്യത്തിന്റെ മുന്നിലാണ് മോദി സർക്കാർ വാഗ്ദാനങ്ങള്‍ മറക്കുന്നതെന്ന ആരോപണമുണ്ട്.

ജമ്മു കശ്മീരില്‍ നിന്ന് പുറത്തേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്ക് ക്രമാതീതമായി വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
1.63 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് 2019 മുതല്‍ ഇതുവരെ ജമ്മു കശ്മീരിന് ലഭിച്ചത്. ശരിക്കും കിട്ടിയത് 10,561 കോടി രൂപയുടെ നിക്ഷേപമാണ്. അതായത് മൊത്തം നിർദ്ദേശിക്കപ്പെട്ട പദ്ധതികളുടെ 6.45 ശതമാനം. വിദേശ നിക്ഷേപം,ഐടി പാർക്കുകള്‍, ഫിലിം സിറ്റികള്‍ , കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ മുന്നില്‍ കാണുന്നത് സുരക്ഷാ ബങ്കറുകള്‍ കൂടുതലായി നിർമ്മിക്കപ്പെടുന്നതും നിരീക്ഷണ വലയം ഒന്നുകൂടി ശക്തമാവുന്നതുമാണെന്ന് ഈ ചെറുപ്പക്കാർ പറയുന്നു. നിരാശാഭരിതമായ ഇന്ത്യൻ യുവത്വത്തെയാണ് പാകിസ്താൻ കാത്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ പ്രകാശത്തില്‍ വികസനത്തിന്റെ പുതു വഴികള്‍ തുറക്കുന്ന ജമ്മു കശ്മീർ പോലെ പാകിസ്താന് മറ്റെന്ത് മറുപടിയാണുള്ളത്! പുതിയ ഭൂപടങ്ങളും പുതിയ ഭരണക്രമങ്ങളും പുതിയ സംവിധാനങ്ങളും സൃഷ്ടിക്കാൻ അധികാരത്തിനാവും. പക്ഷേ, അതിന് ജനങ്ങളുടെ സമ്മതിയില്ലെങ്കില്‍ പിന്നെ എന്തർത്ഥമാണുള്ളത്? വിശ്വാസവും പ്രാതിനിധ്യവും പങ്കാളിത്തവും അസ്തിവാരമിടുന്ന ജനാധിപത്യവത്കരണമാണ് ജമ്മു കശ്മീരിന്റെ ഔഷധവും ലേപനവും.