Fincat

3 ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന ഉറപ്പ് പാലിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രതിഷേധം


കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ക്ക് ഉടൻ സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധമറിയിച്ചു.മലബാർ, പാലരുവി, ഏറനാട് ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്. റെയില്‍വേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് മേയ് 31-ന് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷൻ സന്ദർശിച്ചപ്പോള്‍ നല്‍കിയ ഉറപ്പാണ് ഇനിയും പാലിക്കാത്തത്. റെയില്‍വേ വിഭാഗം അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്ക് ലഭിച്ച വിവരം.

നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഏറെ കാലമായുള്ള ആവശ്യമാണ്. അങ്കമാലി-മണ്ണുത്തി ദേശീയപാതയില്‍ വിവിധയിടങ്ങളില്‍ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വലിയ യാത്രാദുരിതം നേരിടുന്നതിനാല്‍ നിരവധി യാത്രക്കാരാണ് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നത്.

എല്ലാ ട്രെയിനുകളിലും നില്‍ക്കാൻ പോലും സ്ഥലമില്ലാതെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എത്രയും വേഗം കൂടുതല്‍ ട്രെയിനുകള്‍ക്ക് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് ആവശ്യപ്പെട്ടു.