70 കഴിഞ്ഞവർക്ക് റേഷൻകട നടത്താനാകില്ല, ലൈസൻസ് അനന്തരാവകാശികൾക്ക് കൈമാറിയില്ലെങ്കിൽ റദ്ദാക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻകട ഉടമകൾക്ക് 70 വയസ് പ്രായപരിധി കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. 70 വയസിനു മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് കമ്മിഷണറുടെ സർക്കുലർ. അതേസമയം നിലവിൽ 70 വയസ് കഴിഞ്ഞവർ ലൈസൻസ് അനന്തരാവകാശിക്ക് മാറ്റി നൽകണം. 2026 ജനുവരി 20നകം ഇത്തരത്തിൽ മാറ്റാത്ത ലൈസൻസുകൾ റദ്ദാക്കുമെന്നും പുതിയ ലൈസൻസിയെ നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു.
വേതന പാക്കേജ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാര സംഘടനകൾ മുന്നോട്ടുവരുന്നതിനിടെയാണ് പ്രായപരിധിയിലെ നിബന്ധന സർക്കാർ കടുപ്പിക്കുന്നത്. പ്രായപരിധി കർശനമാക്കുന്നതോടെ 70 വയസിന് മുൻപേ ലൈസൻസ് കൈമാറിയില്ലെങ്കിൽ റേഷൻകട ലൈസൻസ് നഷ്ടപെടും. അനന്തരാവകാശിക്കോ 10 വർഷത്തിലേറെ സർവീസുള്ള സെയിൽസ് മാനോ ആണ് ലൈസൻസ് കൈമാറാനാകുന്നത്. അത്തരത്തിൽ ആരും ഇല്ലെങ്കിൽ ലൈസൻസ് നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്.