ജീവഭയമില്ലാതെ നമ്മള്‍ പോരാടി, വിജയിച്ചതായി ചിത്രീകരിക്കാൻ പാകിസ്താന്റെ വിഫലശ്രമം- കരസേനാ മേധാവി
ചെന്നൈ: പരമ്ബരാഗതമായ ദൗത്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സിന്ദൂർ ഓപ്പറേഷനെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.ശത്രുക്കളുടെ അടുത്ത നീക്കത്തെക്കുറിച്ച് സൈന്യത്തിന് ഉറപ്പില്ലാത്തതിനാല്‍ അത് ഒരു ചതുരംഗക്കളി പോലെയായിരുന്നുവെന്നും ഒടുവില്‍ ചെക്ക്മേറ്റ് നല്‍കി പാകിസ്താനെതിരേ ഇന്ത്യ വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ ഈ പോരാട്ടത്തില്‍ വിജയിയായി സ്വയം ചിത്രീകരിക്കാനുള്ള പാകിസ്താന്റെ തന്ത്രത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. മദ്രാസ് ഐഐടിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി.
സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന ഭീഷണിക്കിടയിലും നമ്മള്‍ ശത്രുക്കളെ കൊല്ലാൻ ഇറങ്ങുകയായിരുന്നുവെന്നും അതാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവി അസിം മുനീറിനെ ഫീല്‍ഡ് മാർഷല്‍ പദവിയിലേക്ക് ഉയർത്താനുള്ള പാകിസ്താൻ സർക്കാരിന്റെ തീരുമാനത്തെ പരാമർശിച്ച അദ്ദേഹം, ഇത് ഇന്ത്യയുമായുള്ള സംഘർഷത്തില്‍ വിജയിയായി സ്വയം ചിത്രീകരിക്കാനുള്ള പാകിസ്താന്റെ തന്ത്രങ്ങളിലൊന്നാണെന്നും ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പാകിസ്താന്റെ ഒരു നീക്കം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിനായി രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കൂവെന്നാണ് രാഷ്ട്രീയ നേതൃത്വം തങ്ങളോട് പറഞ്ഞതെന്നും ഉപേന്ദ്ര ദ്വിവേദി ചൂണ്ടിക്കാട്ടി.
പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ സൈനിക മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകർക്കുകയും നൂറിലേറെ തീവ്രവാദികളെ വധിക്കുകയും ചെയ്തു. മേയ് ഏഴിന് അർധരാത്രിയില്‍ തുടങ്ങിയ സൈനിക നടപടി നാല് ദിവസത്തോളം നീണ്ടുനിന്നു.