Fincat

ജില്ലാ ആശുപത്രി ഉദ്ഘാടനം; ക്ഷണമില്ലാതെ PP ദിവ്യ, ആശംസകളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്‌


കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി ഉദ്ഘാടനപരിപാടിയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും അതിന്റെ പൂർത്തീകരണത്തിലുള്ള തന്റെ പങ്ക് മറക്കാതിരുന്ന കണ്ണൂർ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന് നന്ദി പറഞ്ഞ് പി.പി.ദിവ്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ ആശുപത്രി പദ്ധതി യാഥാർത്ഥ്യമായതിലുള്ള സന്തോഷം പങ്കുവെച്ചത്.
ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെങ്കിലും നിർമാണ പ്രവർത്തനം നടക്കുന്ന ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഭാഗമായി മാറാൻ കഴിഞ്ഞതില്‍ ഈ സന്ദർഭം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണെന്നാണ് പി.പി. ദിവ്യ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെങ്കിലും നിർമാണ പ്രവർത്തനം നടക്കുന്ന ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഭാഗമായി മാറാൻ കഴിഞ്ഞതില്‍ ഈ സന്ദർഭത്തില്‍ ഏറെ സന്തോഷം..
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവർകളുടെ പ്രത്യേക താത്പര്യ പ്രകാരമാണ് കണ്ണൂർ ജില്ലാ ആശുപത്രിക്ക് 70 കോടി രൂപ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിയായി അനുവദിക്കുന്നത്.. കെ. കെ ശൈലജ ടീച്ചർ ആരോഗ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഈ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിരവധിതവണ റിവ്യൂ മീറ്റിംഗ് നടത്താനും ആദ്യഘട്ടത്തിലെ എല്ലാ പ്രതിസന്ധികളും മറികടക്കാനും ടീച്ചറുടെ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്….
കെട്ടിടം പൂർത്തീകരിക്കുന്നതിന് കണ്ണൂർ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രൻ അവർകളുടെ ഇടപെടല്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓർക്കുന്നു.. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ 800 പേർ ഒപിയില്‍ വന്നിടത്ത് ഇന്ന് ദിവസേന 3500 പേർ ചികിത്സക്കായി എത്തി ചേരുന്നു…. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സർക്കാരിന്റെയും കരുതലില്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സജ്ജമാണ്…
സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാ ചിലവില്‍ നിന്നും സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ് ജില്ലാ ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ചികിത്സ… കൂടുതല്‍പേർക്ക് മികച്ച ചികിത്സ ലഭിക്കാൻ സാധ്യമാവട്ടെ… ഇന്ന് രാവിലെ ആദ്യത്തെ കാള്‍ രാമചന്ദ്രൻ കടന്നപ്പള്ളിയുടെതായിരുന്നു… നമ്മുടെ സ്വപ്ന പദ്ധതി യഥാർത്ഥ്യ മാകുന്നതിന്റെ സന്തോഷം പങ്കിടാൻ മറക്കാതെ ഓർത്തു വിളിച്ചതിന് പ്രത്യേകം നന്ദി സർ…