Fincat

ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഡ്രൈവറുടെ ഇടപെടലില്‍ അപകടം ഒഴിവായി


കല്ലായി: കോഴിക്കോട് കല്ലായിയില്‍ യുവാവ് ബസിനടിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ അപകടം ഒഴിവായി.ഇതരസംസ്ഥാന തൊഴിലാളിയാണ് യുവാവ് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെ കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.
കൊളത്തറ മെഡിക്കല്‍ കോളേജ് റൂട്ടില്‍ സർവീസ് നടത്തുന്ന എമറാള്‍ഡ് എന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് യുവാവ് ചാടിയത്. ബസിന്റെ ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് വണ്ടി നിർത്തിയതുകൊണ്ട് യുവാവിന് പരിക്കൊന്നും പറ്റിയിട്ടില്ല. സ്റ്റോപ്പില്‍നിന്നും ബസ് എടുത്ത് ഉടനെ തന്നെയായിരുന്നു യുവാവ് വാഹനത്തിന്റെ പിൻവശത്തെ ടയറിന് മുന്നിലേക്ക് ചാടിയത്.
ഇയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുണ്ടോ, അതല്ലാ ലഹരിവസ്തുക്കള്‍ എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. അവിടെ ഉണ്ടായിരുന്നവരും ബസുകാരും ഇയാളോട് കാര്യങ്ങള്‍ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതികരിച്ചില്ല.