Fincat

ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല, പരിശോധനയിൽ കണ്ടത് ശരീരത്തിൽ കടിച്ചും അടിച്ചുമുള്ള പാടുകൾ, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഉള്ളുലഞ്ഞ് അമ്മ

 

ഡേ കെയറിൽ നിന്ന് തിരിച്ചുകൊണ്ടു വന്ന ശേഷം കരച്ചിൽ നിർത്താതെ ഒന്നര വയസ് മാത്രം പ്രായമുള്ള പെൺകുട്ടി. കുട്ടിയെ പരിശോധിച്ചപ്പോൾ കണ്ടത് തുടയിൽ കടിച്ച പാടുകൾ. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് സമാനതകളില്ലാത്ത ക്രൂരത. പിന്നാലെ ഡേ കെയർ ജീവനക്കാരി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ നോയിഡയിൽ കെട്ടിട സമുച്ചയത്തിലെ ഡേ കെയർ സംവിധാനത്തിലാണ് സംഭവം. നോയിഡയിലെ സെക്ടർ 137ലെ പരാസ് ടിയേറ റസിഡൻഷ്യൽ കോംപ്ലക്സിൽ താമസക്കാരുടെ കുട്ടികൾക്കായുള്ള ഡേ കെയറിലെ ജീവനക്കാരി കുട്ടിയുടെ കരച്ചിൽ നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കുട്ടിയെ കയ്യിൽ നിന്ന് നിലത്ത് ഇടുകയും തുടയിൽ അടക്കം കടിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.

കുഞ്ഞിനെ ഡേ കെയറില്‍ വച്ച് ഡേ കെയർ ജീവനക്കാരി ഉപദ്രവിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ പെണ്‍കുട്ടി അടിക്കുകയും കടിച്ചുപറിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. പ്ലാസ്റ്റിക് ബാറ്റ് കൊണ്ടടക്കം ഒന്നരവയസുകാരി മർദ്ദിക്കപ്പെട്ടിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ ശാന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സമാനതകളില്ലാത്ത ക്രൂരത 15 മാസം പ്രായമുള്ള പെൺ കുഞ്ഞിന് നേരിടേണ്ടി വന്നത്.

ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. സാധാരണ പോലെ മകളെ ഡേ കെയറിലാക്കി അമ്മ ജോലിക്ക് പോയി. വൈകിട്ട് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും അമ്മയാണ്. എന്നാല്‍ അസാധാരണമായി കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നതില്‍ അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി കുഞ്ഞിന്‍റെ വസ്ത്രം മാറ്റിയപ്പോളാണ് ദേഹമാസകലം അടികൊണ്ട പാടുകളും ചതവുകളും കണ്ടെത്തുന്നത്. പിന്നാലെ ഡേ കെയറിലെത്തിയ കുഞ്ഞിന്റെ അമ്മ സിസിടിവി പരിശോധിച്ചപ്പോളാണ് ഞെട്ടിക്കുന്ന അക്രമ ദൃശ്യങ്ങള്‍ കണ്ടത്.

കരയുന്ന ഒന്നരവയസുകാരിയെ ഡേ കെയർ ജിവനക്കാരി ആശ്വസിപ്പിക്കാന്‍ നോക്കുന്നു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ദേഷ്യപ്പെട്ട് പെണ്‍കുട്ടി കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുന്നു. തറയില്‍ വീണുകിടക്കുന്ന കുഞ്ഞിനെ പലവട്ടം തല്ലി. കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതുകൊണ്ട് വീണ്ടും ഉപദ്രവം. സംഭവത്തിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഡേ കെയറിൽ ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിനെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മര്‍ദനം നടന്നതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.