Fincat

കോളേജ് കാന്റീനില്‍ ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്


തൃശ്ശൂർ: വാണിയമ്ബാറ മഞ്ഞവാരിയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സീനത്ത്.

രാവിലെ ജോലിക്ക് പോകുമ്ബോള്‍ വഴിയില്‍ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്. തൊട്ടടുത്ത് എത്തിയതിനുശേഷമാണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷം നേരംകൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സീനത്തിനെ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രദേശത്ത് വർഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. കൃഷിനാശവും പതിവ്. മേഖലയില്‍ സോളാർ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലനം നടത്താത്തതിനാല്‍ തകർന്ന നിലയിലാണ്.

വിദ്യാർഥികളായ രണ്ടു മക്കളുടെ പഠന ചെലവ് ഉള്‍പ്പെടെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത് സീനത്തിന് ലഭിക്കുന്ന വരുമാനംകൊണ്ടാണ്. മൂത്തമകളുടെ വിവാഹം കഴിയുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ചികിത്സയും മക്കളുടെ പഠനവും എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്കയിലാണ് സീനത്ത്. പണഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ ആളാണ് സീനത്ത്.

പീച്ചി വിലങ്ങന്നൂരില്‍ കഴിഞ്ഞയാഴ്ച കാല്‍നടയാത്രക്കാരനെ പന്നി ആക്രമിച്ചിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുമ്ബ് ബൈക്ക് യാത്രികനേയും പന്നി ആക്രമിച്ചിരുന്നു. വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.