രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല
രാവിലെ എഴുന്നേറ്റയുടൻ അല്‍പം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടില്‍ പറയുന്നത്.പലരും ചായയും കാപ്പിയും കുടിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നത്. എന്നാല്‍, വെറുംവയറ്റില്‍ കഫീൻ അടങ്ങിയ ഈ പാനീയങ്ങള്‍ കുടിക്കുന്നത് നിർജ്ജലീകരണം, അസിഡിറ്റി എന്നിവയ്ക്ക് കാരണമായേക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഊർജം പ്രദാനം ചെയ്യും
ശരീരത്തിലെ ജലാംശം കുറയുമ്ബോഴാണ് പലപ്പോഴും ക്ഷീണവും ഉല്‍സാഹക്കുറവുമൊക്കെ അനുഭവപ്പെടുക. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങള്‍ ചെറുക്കാനും കഴിയും.
ദഹനപ്രക്രിയ എളുപ്പത്തിലാക്കും
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും.
മെറ്റബോളിസം മെച്ചപ്പെടുത്തും
മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറില്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതല്‍ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ ശീലവും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചർമത്തിനും ഗുണം ചെയ്യും
ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തില്‍ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നില്‍ നിർജലീകരണവും ഒരു കാരണമാണ്. അതിനാല്‍ അവയെല്ലാം പ്രതിരോധിക്കാൻ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കാം.
അസിഡിറ്റി കുറയ്ക്കും
വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാല്‍ പൊറുതിമുട്ടുന്നവർക്കും സ്വീകരിക്കാവുന്ന ഒരു മാർഗമാണിത്.