Fincat

ആസ്തി 28 ലക്ഷം കോടി; അദാനിയുടെ ഇരട്ടി സമ്ബത്തുമായി അംബാനി കുടുംബം


മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബത്തിന്റെ സമ്ബത്ത് അദാനി കുടുംബത്തേക്കാള്‍ ഇരട്ടിയെന്ന് റിപ്പോർട്ട്.അദാനി കുടുംബത്തിന് 28 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇത് 14.01 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി കുടുംബത്തിന്റേതിനേക്കാള്‍ ഇരട്ടിയിലധികമാണെന്നും ബാർക്ലേസുമായി സഹകരിച്ച്‌ ഹുറൂണ്‍ തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്ബന്നരായ 300 കുടുംബങ്ങള്‍ക്ക് 1.6 ട്രില്യണ്‍ ഡോളറിലധികം (140 ലക്ഷം കോടി രൂപയിലധികം) ആസ്തിയുണ്ട്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനത്തിലധികം വരും. അംബാനി കുടുംബത്തിന്റെ സമ്ബത്ത് മാത്രം രാജ്യത്തിന്റെ ജിഡിപിയുടെ 12 ശതമാനമാണ്.

റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം അംബാനി കുടുംബത്തിന്റെ സമ്ബത്തില്‍ 10 ശതമാനം വർധനവുണ്ടായി. ഇതോടെ രാജ്യത്തെ ഏറ്റവും സമ്ബത്തുള്ള കുടുംബ വ്യവസായം എന്ന സ്ഥാനം അവർ നിലനിർത്തി. അതേസമയം, ഒന്നാം തലമുറ സംരംഭകൻ ആരംഭിച്ച ഏറ്റവും മൂല്യമുള്ള കുടുംബ വ്യവസായം അദാനി കുടുംബത്തിന്റേതാണ്.

കുമാർ മംഗലം ബിർള കുടുംബത്തിന്റെ സമ്ബത്ത് കഴിഞ്ഞ വർഷം 20% വർധിച്ച്‌ 6.47 ലക്ഷം കോടി രൂപയായി. ഇത് ഒന്നിലധികം തലമുറകളുള്ള കുടുംബങ്ങളുടെ പട്ടികയില്‍, ഒരു സ്ഥാനംകൂടി മെച്ചപ്പെടുത്തി അവരെ രണ്ടാം റാങ്കിലെത്തിച്ചു. ജിൻഡാല്‍ കുടുംബത്തിന്റെ സമ്ബത്തില്‍ 21% വർധനവുണ്ടായതോടെ 5.70 ലക്ഷം കോടി രൂപയുമായി അവരും ഒരു റാങ്ക് മുകളിലെത്തി. സമ്ബത്തില്‍ 21 ശതമാനം ഇടിവുണ്ടായി 5.64 ലക്ഷം കോടി രൂപയായതിനാല്‍ ബജാജ് കുടുംബം പട്ടികയില്‍ ഒരു റാങ്ക് താഴേക്കിറങ്ങി നാലാം സ്ഥാനത്തായി.

രാജ്യത്തെ ഏറ്റവും സമ്ബന്നരായ 300 കുടുംബങ്ങള്‍ കഴിഞ്ഞ വർഷം പ്രതിദിനം 7,100 കോടി രൂപയുടെ സമ്ബത്ത് സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്‌, ഒരു ബില്യണ്‍ ഡോളറിലധികം (ഏകദേശം 8,700 കോടി രൂപ) ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 37-ല്‍നിന്ന് 161 ആയി വർധിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സമ്ബന്ന കുടുംബങ്ങള്‍ പട്ടികയിലുള്ളത്, 91. കൊല്‍ക്കത്തയില്‍നിന്ന് 25 സമ്ബന്ന കുടുംബങ്ങളും പട്ടികയിലുണ്ട്.