Fincat

നിലമ്ബൂര്‍-ഷൊര്‍ണൂര്‍ മെമു യാഥാര്‍ഥ്യമാകുന്നു; സമയക്രമം ഇങ്ങനെ


നിലമ്ബൂർ: ദീർഘകാലത്തെ ആവശ്യമായിരുന്ന നിലമ്ബൂരില്‍നിന്ന് ഷൊർണൂരിലേക്കുള്ള മെമു സർവീസ് യാഥാർഥ്യമാകുന്നു.കേന്ദ്ര റെയില്‍േവ മന്ത്രി അശ്വനി വൈഷ്ണവ് സർവീസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കി.ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മന്ത്രി എഴുതിയ കത്തില്‍ പുതിയ തീവണ്ടിക്ക് അനുമതിനല്‍കിയതായി പറയുന്നുണ്ട്. പുതിയ വണ്ടി (66326) ഷൊർണൂരില്‍നിന്ന് രാത്രി 8.35-ന് പുറപ്പെട്ട് രാത്രി 10.05-ന് നിലമ്ബൂരിലെത്തും. പുലർച്ചെ 3.40-ന് നിലമ്ബൂരില്‍നിന്ന് പുറപ്പെട്ട് (66325) 04.55ന് ഷൊർണൂരിലെത്തും. നിലമ്ബൂരില്‍നിന്ന് ഷൊർണൂരിലേക്കു േപാകുമ്ബോള്‍ മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവില്ല. എന്നാല്‍, ഷൊർണൂരില്‍നിന്ന് നിലമ്ബൂരിലേക്കു വരുമ്ബോള്‍ എല്ലാ സ്റ്റോപ്പുകളിലും നിർത്തിയാകും വരുക.

നിലവില്‍ എറണാകുളത്തുനിന്ന് ഷൊർണൂർവരെ വരുന്ന മെമു രാത്രിയില്‍ ഷൊർണൂരില്‍ ഹാള്‍ട്ടാണ്. ഈ വണ്ടി നിലമ്ബൂരിലേക്ക് നീട്ടണമെന്നായിരുന്നു ആവശ്യം. അതേസമയം പുതിയ വണ്ടിയുടെ ഓപ്പറേറ്റിങ് സമയം നിശ്ചയിച്ചിട്ടില്ല. വൈകീട്ട് 5.40-ന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്കു പുറപ്പെടുന്ന വണ്ടി 8.45-നാണ് ഷൊർണൂരിലെത്തുക. ഈ വണ്ടി ഷൊർണൂരില്‍നിന്ന് നിലമ്ബൂരിലേക്ക് നേരിട്ട് നീട്ടുകയാണോ അതോ മറ്റൊരു പുതിയ വണ്ടി ഷൊർണൂരില്‍നിന്ന് നിലമ്ബൂരിലേക്ക് പുറപ്പെടുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വന്നിട്ടില്ല. എറണാകുളത്തുനിന്ന് ഷൊർണൂരില്‍ വന്ന് ഹാള്‍ട്ട്ചെയ്യുന്ന വണ്ടി അടുത്തദിവസം രാവിലെ 4.30-ന് ഷൊർണൂരില്‍നിന്ന് കണ്ണൂരിലേക്കാണ് ഓടുക. അതിനാല്‍ ആ വണ്ടി നിലമ്ബൂരിലേക്കു വന്നാല്‍ രാവിലെയുള്ള കണ്ണൂർ ട്രിപ്പ് മുടങ്ങാനാണ് സാധ്യത.

അതിനാല്‍, ഷൊർണൂരില്‍നിന്ന് പുതിയ വണ്ടി പുറപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല. എറണാകുളത്തുനിന്നുള്ള മെമു 8.45-ന് ഷൊർണൂരിലെത്തിയതിനുശേഷം 9.20-ഓടെ ഷൊർണൂരില്‍നിന്ന് നിലമ്ബൂരിലേക്കു പുറപ്പെടുകയാണെങ്കില്‍ ജനശതാബ്ദി, വന്ദേഭാരത്, എക്സിക്യുട്ടീവ് എന്നീ വണ്ടികളില്‍നിന്നുള്ള യാത്രക്കാർക്കുകൂടി നിലമ്ബൂർ മെമുവില്‍ വരാൻ കഴിയും. ഇത്തരത്തില്‍വേണം സമയം ക്രമീകരിക്കാനെന്ന് നേരത്തേമുതല്‍തന്നെ നിലമ്ബൂർ-മൈസൂരു റെയില്‍വേ കർമസമിതി ഭാരവാഹികള്‍ റെയില്‍േവ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന കണ്ണൂർ എക്സിക്യുട്ടീവ് എട്ടുമണി കഴിയുന്നതോടെ ഷൊർണൂരിലെത്തിയാല്‍ അതിലുള്ള യാത്രക്കാരേയും കൊണ്ടാണ് ഷൊർണൂരില്‍നിന്നുള്ള നിലമ്ബൂർ വണ്ടി പുറപ്പെടുന്നത്. പിന്നീട് നിലമ്ബൂർ ഭാഗത്തേക്ക് രാത്രിയില്‍ വണ്ടികളൊന്നുമില്ല.