നോക്കിനിൽക്കെ രാവിലെ 10 മണിയോടെ പന്തല്ലൂരിൽ തെങ്ങുകളും പോസ്റ്റും കറങ്ങിവീണു; നാടിനെ ഞെട്ടിച്ച് മിന്നൽ ചുഴലി
കുന്നംകുളം: പന്തല്ലൂരിൽ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്നും പന്തല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂർ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വിവിധ പറമ്പുകളിലെ നിരവധി മരങ്ങൾ കടപുഴകി വീണു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മേഖലയിൽ വൈദ്യുത ബന്ധം പൂർണമായും താറുമാറായി. ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഭീഷണി തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.