സ്കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ ഇരുത്തി; പരാതിയുമായി രക്ഷിതാക്കൾ
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെ ആരോപണവുമായി വിദ്യാർത്ഥിയുടെ കുടുംബം. അഞ്ചാം ക്ലാസുകാരനെതിരെ പ്രതികാര നടപടി എന്നാണ് ആരോപണം. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി എന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. വൈകി വന്നതിനാൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയിൽ ഇരുത്തിയത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടിയുടെ ടിസി തന്നുവിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി തർക്കം നടന്നു. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ ന്യായീകരണം. കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായി എന്നാണ് വിശദീകരണം.