പാകിസ്താനില്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു
ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനില്‍ രക്ഷാദൗത്യത്തിലേർപ്പെട്ടിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചുപേർ മരിച്ചു.കാലവർഷക്കെടുതിയെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിവന്നിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണതെന്ന് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളയാഴ്ച മൊഹ്മന്ദ് ജില്ലയിലെ പാണ്ഡ്യാലി പ്രദേശത്തായിരുന്നു അപകടം. ദുരിതാശ്വാസ സാമഗ്രികളുമായി പോയ സർക്കാരിൻ്റെ എംഐ-17 ഹെലികോപ്റ്ററാണ് തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മുഖ്യമന്ത്രി അലി അമിൻ ഗണ്ഡാപുർ പറഞ്ഞു.
അപകടം പ്രതികൂല കാലാവസ്ഥ മൂലമാണോ അതോ മറ്റേതെങ്കിലും കാരണം കൊണ്ടാണോയെന്ന് വിശദമായ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളൂവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.