അന്ന് ട്രംപായിരുന്നു പ്രസിഡന്റെങ്കില്‍ യുക്രൈനില്‍ യുദ്ധം ആരംഭിക്കില്ലായിരുന്നു-പുതിൻ
ആങ്കറേജ് (അലാസ്ക): 2022-ല്‍ ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ യുക്രൈനുമായുള്ള യുദ്ധം ആരംഭിക്കുമായിരുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ.അലാസ്കയില്‍ വെച്ച് ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രൈന്റെ നാറ്റോപ്രവേശനശ്രമങ്ങളില്‍ പ്രകോപിതരായി 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശമാരംഭിച്ചത്. ഈ സമയത്ത് ജോ ബൈഡൻ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. താനായിരുന്നെങ്കില്‍ റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമായിരുന്നുവെന്ന് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം റഷ്യ – യുക്രൈൻ യുദ്ധം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുദ്ധം ഇല്ലാതാക്കുമെന്നായിരുന്നു അദ്ദേഹം പ്രചാരണത്തിലുടനീളം ആവർത്തിച്ചത്.
ട്രംപിൻമേലുള്ള വിശ്വാസം ഉറപ്പിക്കുന്ന തരത്തിലായിരുന്നു റഷ്യൻ പ്രസിഡന്റ് പുതിന്റെ സംസാരം. ഒരു ഘട്ടത്തില്‍ ബൈഡനോട് സൈനിക നടപടികളുടെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സാഹചര്യം വഷളാകുന്നത് ഒഴിവാക്കാൻ ബൈഡനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവെന്നും പുതിൻ പറഞ്ഞു.
2022-ല്‍ മുൻ ഭരണകൂടവുമായുള്ള അവസാന കൂടിക്കാഴ്ചയില്‍ അമേരിക്കൻ സഹപ്രവർത്തകനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്ക് സാഹചര്യം എത്തിക്കരുതെന്നും അത് വലിയ തെറ്റിലെത്തിക്കുമെന്നും അന്ന് താൻ നേരിട്ട് പറഞ്ഞിരുന്നുവെന്നും പുതിൻ കൂട്ടിച്ചേർത്തു. തുടർന്ന്, അന്ന് ട്രംപ് പ്രസിഡന്റ് ആയിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന ട്രംപിന്റെ വാദം ശരിവെക്കുകയും ചെയ്തു.
ട്രംപും താനും തമ്മില്‍ വളരെ വിശ്വസ്തമായൊരു ബന്ധം സ്ഥാപിച്ചുവെന്നും വൈകാതെ തന്നെ നല്ല കാര്യങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നും താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.