ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും
ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.ചിങ്ങമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. രാവിലെ ഉഷഃപൂജയ്ക്കുശേഷം 7.30-ന് ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിലാണ് നറുക്കെടുപ്പ്. ദേവസ്വം കമ്മിഷണർ ബി. സുനില്‍കുമാർ നറുക്കെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ ഒമ്ബതിന് പമ്ബാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസപൂജകള്‍ പൂർത്തിയാക്കി ഓഗസ്റ്റ് 21-ന് രാത്രി 10-ന് നടയടയ്ക്കും.
കണ്ഠര് മഹേഷ് മോഹനര് ഇനിഒരുവർഷം ശബരിമല തന്ത്രി
ശബരിമല: താഴമണ്‍മഠം കണ്ഠര് മഹേഷ് മോഹനര് ശനിയാഴ്ച മുതല്‍ ഒരുവർഷം ശബരിമല തന്ത്രി പദവി വഹിക്കും. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടുകുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോവർഷം വീതം ഈ പദവി വഹിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കുന്നത് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും. ചിങ്ങപ്പുലരിയില്‍ ഗണപതിഹോമമാണ് അദ്ദേഹത്തിന്റെ ആദ്യ ചടങ്ങ്.
പിന്നിട്ടവർഷം കണ്ഠര് രാജീവർക്കായിരുന്നു താന്ത്രിക ചുമതല. അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനും സന്നിധാനത്തെ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കിയിരുന്നു.
അടുത്ത കർക്കടകമാസ പൂജകള്‍ക്ക് നട തുറക്കുന്നതുവരെയാണ് കണ്ഠര് മഹേഷ് മോഹനര് തന്ത്രി ചുമതലകള്‍ വഹിക്കുക.