മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക്, കുഴി അടയ്ക്കാൻ തീരുമാനം, ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
തൃശ്ശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്കിൽ കുഴി അടയ്ക്കാൻ തീരുമാനമായി. കരാർ കമ്പനിയാണ് കുഴി അടയ്ക്കുക. ഇതിനുള്ള മെറ്റൽ പൊടിയും മറ്റും മുരിങ്ങൂർ ജംഗ്ഷനിൽ എത്തിച്ചിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കിക്കൊണ്ടുള്ള തൃശ്ശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് തുടരുകയാണ്. എറണാകുളത്തേക്കുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഇന്നലെ രാത്രി മുതൽ എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഒരിഞ്ചു പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ചെറിയ വാഹനങ്ങൾ വഴി തിരിഞ്ഞ് പോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എറണാകുളം ഭാഗത്തേക്കുള്ളവ കൊടകരയിൽ നിന്നും മാള വഴിയും പോട്ടയിൽ നിന്ന് മാള വഴിയും തിരിഞ്ഞ് പോകണമെന്നാണ് പറയുന്നത്. മുരിങ്ങൂർ ജംഗ്ഷനിൽ എത്തുന്നതിന് മുൻപ് എറണാകുളം ഭാഗത്തേക്ക് മറ്റൊരു ഡൈവേർഷനും പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു.