കച്ചവടം പൊടിപൊടിക്കുന്നു, 350 ഏക്കര്‍ കൂടി ഏറ്റെടുത്ത് പ്ലാന്‍റ് വികസിപ്പിക്കാൻ മഹീന്ദ്ര
ഇന്ത്യയുടെ സ്വന്തം ജനപ്രിയ എസ്‍യുവി ബ്രാൻഡായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്ബനിയുടെ വാഹനങ്ങള്‍ക്ക് വൻ ഡിമാൻഡാണ് വിപണിയില്‍.വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പ്ലാന്‍റ് വികസിപ്പിക്കാൻ ശ്രമിക്കുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇഗത്പുരിയില്‍ 350 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് മഹാരാഷ്ട്ര സർക്കാരിന് താല്‍പ്പര്യപത്രം സമർപ്പിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തി. മഹീന്ദ്രയ്ക്ക് ഇതിനകം നാസിക്കിലും ഇഗത്പുരിയിലും നിർമ്മാണ പ്ലാന്‍റുകള്‍ ഉണ്ട്.
ഇഗത്പുരിയില്‍ 350 ഏക്കർ വിസ്‍തൃതിയുള്ള പുതിയ ഭൂമിക്ക് കമ്ബനി താല്‍പ്പര്യപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ (ഓട്ടോ ആൻഡ് അഗ്രികള്‍ച്ചർ) രാജേഷ് ജെജുരിക്കർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിതരണ പാർക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെ ഒന്നിലധികം കാര്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാസിക്കിലെയും ഇഗത്പുരിയിലെയും പ്ലാന്‍റുകള്‍ക്ക് സമീപത്തായി ഒരു ഫീഡർ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റെടുക്കല്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് ഭൂമി വാങ്ങലിന് അംഗീകാരം നല്‍കുമെന്നും ജെജൂരിക്കർ വ്യക്തമാക്കി.
ഈ വർഷം ചക്കൻ പ്ലാന്റിന്റെ ഉല്‍പാദന ശേഷി ഏകദേശം 2.4 ലക്ഷം യൂണിറ്റായി വർദ്ധിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതായും റിപ്പോർട്ടുകള്‍ ഉണ്ട്. ഇത് പ്ലാന്റിലെ കമ്ബനിയുടെ മൊത്തത്തിലുള്ള ഉല്‍പാദന ശേഷി പ്രതിവർഷം 7.5-7.6 ലക്ഷമായി ഉയർത്തും. ഈ വർഷം ആദ്യഘട്ടത്തില്‍ ചക്കൻ ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റിന്റെ ഉല്‍പാദന ശേഷി ഏകദേശം 2.4 ലക്ഷം യൂണിറ്റായി ഉയർത്താൻ കമ്ബനി പദ്ധതിയിടുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു. പുതിയൊരു ഗ്രീൻഫീല്‍ഡ് സൗകര്യം സ്ഥാപിക്കാനും മഹീന്ദ്ര ആലോചിക്കുന്നുണ്ട്. 2025-27 സാമ്ബത്തിക വർഷത്തില്‍ തങ്ങളുടെ 27,000 കോടിയിലധികം നിക്ഷേപിക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു.
അതേസമയം യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ആധിപത്യം സ്ഥാപിക്കുകയും വാഹനനിര കൂടുതല്‍ വികസിപ്പിക്കാൻ ഒരുങ്ങുകയുമാണ് മഹീന്ദ്ര. 2027 മുതല്‍ പുറത്തിറങ്ങുന്ന മോഡലുകളുടെ പ്രിവ്യൂ കാണിക്കുന്ന വിഷൻ കണ്‍സെപ്റ്റുകളും കമ്ബനി പങ്കിട്ടു. കൂടാതെ സബ് കോംപാക്റ്റ്, കോംപാക്റ്റ് സെഗ്‌മെന്റുകളില്‍ മത്സരിക്കുകയും ചെയ്യും. എൻയു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഭാവിയിലെ ഐസിഇ, ഇലക്‌ട്രിക് എസ്‌യുവികള്‍ എന്നിവ പ്രദർശിപ്പിക്കുന്ന വിഷൻ എസ്, വിഷൻ എക്സ്, വിഷൻ ടി, വിഷൻ എസ്‌എക്സ്‌ടി കണ്‍സെപ്റ്റുകള്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ കമ്ബനി പ്രദർശിപ്പിച്ചിരുന്നു. പുതിയ മഹീന്ദ്ര വിഷൻ ആശയങ്ങള്‍ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികള്‍ ഉള്‍പ്പെടെ ആഗോള ഉല്‍പ്പന്നങ്ങളായി വികസിപ്പിക്കും.