Fincat

ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം, യാത്രാസമയവും ലാഭിക്കാം; രണ്ട് വൻ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും യാത്രാസമയവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.അർബൻ എക്സ്റ്റൻഷൻ റോഡ്-2ന്റെയും ദ്വാരക എക്സ്പ്രസ്വേയുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. 11,000 കോടി രൂപ ചെലവു വരുന്നതാണ് ഈ പദ്ധതികള്‍. പുതിയ പ്രൊജക്ടുകള്‍ ഡല്‍ഹിയിലെ ജനങ്ങളുടെ യാത്രയ്ക്ക് സഹായകമാവുമെന്ന് മോദി പറഞ്ഞു.

‘ഈ ആധുനിക കണക്ടിവിറ്റിക്ക് ഡല്‍ഹിയിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ലോകം ഇന്ത്യയെ വിലയിരുത്തുമ്ബോള്‍, അവർ ആദ്യം നോക്കുക തലസ്ഥാനമായ ഡല്‍ഹിയെയാണ്. ഡല്‍ഹിയെ വികസിത ഇന്ത്യയുടെ ഒരു മാതൃകയാക്കി മാറ്റേണ്ടതുണ്ട്. ഞങ്ങളുടെ സർക്കാർ ഇതിനായി പലതലങ്ങളിലും പ്രവർത്തിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ ഡല്‍ഹി എൻസിആറിലെ യാത്രകള്‍ എളുപ്പമായി’ -പ്രധാനമന്ത്രി പറഞ്ഞു.

75 കിലോമീറ്ററിലധികം നീളമുള്ള ആറുവരി എക്സ്പ്രസ് വേയാണ് അർബൻ എക്സ്റ്റൻഷൻ റോഡ്-2. 5580 കോടി രൂപ ചെലവില്‍ നിർമിച്ച ഈ റോഡ് ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് ഏറക്കുറെ പരിഹരിക്കും. 10.1 കിലോമീറ്റർ വരുന്ന ദ്വാരക എക്സ്പ്രസ് വേ 5360 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ഇതും ഡല്‍ഹിയിലെ യാത്രാ സൗകര്യം വർധിപ്പിക്കും. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനി, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. രണ്ട് പദ്ധതികളും ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് 50 ശതമാനമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗഡ്കരി പറഞ്ഞു.