യുവതിയെ ശല്യം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വാടക വീട്ടിൽ നിന്ന് ഇറങ്ങിയോടി യുവാക്കൾ, പൊളിഞ്ഞത് ലഹരി വില്‍പന
മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരെയാണ് ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേര്‍ പിടിയിലായി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 70 ഗ്രാം എംഡിഎംഎയും നിരോധിത പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വില്‍പ്പനക്കുള്ള ഉപകരണങ്ങളും കണ്ടെത്തിയത്
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിശോധനയില്‍ വാടക വീട്ടില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് മസിലാക്കിയതോടെ ചങ്ങരംകുളം പൊലീസ് ചാലിശേരി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചാലിശേരി പൊലീസ് സ്ഥലത്തെത്തി വീട്ടില്‍ നിന്ന് നിയാസിനെയും ഷറഫുദീനെയും പിടികൂടുകയായിരുന്നു.