ആപ്പിളിന്റെ വന്‍ ട്വിസ്റ്റ്, ഐഫോണ്‍ 18 അടുത്ത വര്‍ഷം പുറത്തിറക്കിയേക്കില്ല, കാരണം സസ്പെന്‍സ്
ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷത്തെ (2026) സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ആദ്യ ഐഫോണ്‍ ഫോള്‍ഡബിള്‍ പുറത്തിറക്കുന്നതിനാലാണ് പതിവ് ബേസ് മോഡലിന്റെ റിലീസ് നീട്ടുന്നതെന്ന് ഒരു ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ശേഷം 2027ല്‍ ഐഫോണ്‍ ‘ഇ’ സീരീസിനൊപ്പമായിരിക്കും ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാശനം ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ ഗതിയില്‍ ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, പ്ലസ്, പ്രോ, പ്രോ മാക്സ് വേരിയന്റുകള്‍ എന്നിങ്ങനെ നാല് ഫോണുകള്‍ ഒരു സീരീസില്‍ ഒന്നിച്ച് പുറത്തിറക്കുകയാണ് ആപ്പിളിന്റെ ശീലം. എന്നാല്‍ 2026ലെ ഐഫോണ്‍ ലോഞ്ചില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഉള്‍പ്പെടില്ലെന്ന് ഇടിന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ 18 ബേസ് മോഡല്‍ പ്രകാശനം കമ്പനി നീട്ടിവെക്കുമ്പോള്‍, ഐഫോണ്‍ 18 എയര്‍, ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് എന്നിവയും കന്നി ഫോള്‍ഡബിള്‍ ഐഫോണുമായിരിക്കും അടുത്ത വര്‍ഷം ഒന്നിച്ച് അനാച്ഛാദനം ചെയ്യുക. അങ്ങനെയെങ്കില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എപ്പോഴാണ് റിലീസ് ചെയ്യുക എന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകും. 2027 ആദ്യം ഐഫോണ്‍ 18e- സ്മാര്ട്ട്ഫോണിനൊപ്പമായിരിക്കും ഐഫോണ്‍ 18 ബേസ് മോഡല്‍ വിപണിയിലെത്തുക എന്നാണ് അഭ്യൂഹം. ആപ്പിളിന്റെ ഏറ്റവും അഫോര്‍ഡബിളായ ഫോണ്‍ മോഡലാണ് ഇ. ഇതോടെ ഐഫോണ്‍ 18, ഐഫോണ്‍ 18e എന്നിങ്ങനെയുള്ള രണ്ട് എന്‍ട്രി-ലെവല്‍ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്കും പുത്തന്‍ റിലീസ് സമയം സൃഷ്ടിക്കപ്പെടുമെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 2000 ഡോളറിനും 2500 ഡോളറിനും ഇടയിലായിരിക്കും ഈ ഐഫോണ്‍ ഫോള്‍ഡിന് യുഎസില്‍ വില എന്നാണ് സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങള്‍. എന്തായാലും ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഐഫോണായിരിക്കും ഫോള്‍ഡബിള്‍ എന്ന് ടിപ്സ്റ്റര്‍മാര്‍ ഉറപ്പിക്കുന്നു.
2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 ലൈനപ്പ് ആപ്പിള്‍ പുറത്തിറക്കാനിരിക്കുകയാണ്. ഐഫോണ്‍ 17, പുതിയ ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണ് സെപ്റ്റംബറിലെ ആപ്പിള്‍ ഇവന്റില്‍ പ്രതീക്ഷിക്കുന്നത്. ഇവയില്‍ ഐഫോണ്‍ 17 എയര്‍ ഏറ്റവും സ്ലിം ആയ ഐഫോണായിരിക്കും.