Fincat

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ രാജ്യസഭാ എംപി തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായേക്കും.ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. സി.പി. രാധാകൃഷ്ണനെതിരേ തമിഴ്നാട്ടില്‍നിന്നുതന്നെയുള്ള മറ്റൊരാളെ കളത്തിലിറക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ശിവയുടെ സ്ഥാനാർഥിത്വം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജഗ്ദീപ് ധൻകർ രാജിവെച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാർലമെന്ററി യോഗത്തിനുശേഷം ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് രാധാകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചത്.

ഒബിസി വിഭാഗത്തില്‍പ്പെടുന്ന തമിഴ്നാട്ടിലെ പ്രബലരായ ഗൗണ്ടർ സമുദായത്തില്‍പ്പെട്ട രാധാകൃഷ്ണൻ തിരുപ്പൂർ സ്വദേശിയാണ്. രണ്ടുതവണ കോയമ്ബത്തൂരില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023-ല്‍ ത്ധാർഖണ്ഡ് ഗവർണറായിരുന്നു. 2024 ജൂലായിലാണ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായത്. 2004 മുതല്‍ 2007 വരെ തമിഴ്നാട് ബിജെപി അധ്യക്ഷനായിരുന്നു. മുൻപ് കേരളത്തിന്റെ പാർട്ടിച്ചുമതലയുള്ള പ്രഭാരിയായിരുന്നു.