ഇസ്ലാമിക ​ഗ്രന്ഥമായ ഖുറാന്റെ കൈയെഴുത്ത് പ്രതി സൃഷ്ടിച്ച് വിദ്യാർഥിനി. കർണാടക കുമ്പ്രയിലെ മർകസുൽ ഹുദ വനിതാ കോളേജിലെ വിദ്യാർത്ഥിനിയാണ് മഷിപ്പേന ഉപയോഗിച്ച് മുഴുവൻ ഖുറാനും എഴുതി പൂർത്തിയാക്കിയത്. ബൈതഡ്കയിൽ നിന്നുള്ള ബികോം വിദ്യാർത്ഥിനിയായ സജ്‌ലയാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്മായിലിന്റെയും സഹ്‌റ ജാസ്‌മിന്റെയും മകളാണ് സജ്ല. 2021 ജനുവരിയിൽ ആരംഭിച്ച് 2025 ഓഗസ്റ്റിലാണ് എഴുത്ത് പൂർത്തിയാക്കിയത്. കൈയെഴുത്തുപ്രതിക്കായി സജ്‌ല വെള്ള, ഇളം നീല, ഇളം പച്ച നിറങ്ങളിലുള്ള പേപ്പറുകളും കറുത്ത മഷി പേനയും ഉപയോഗിച്ചു.

604 പേജുകളുള്ള ഖുർആൻ ചുവപ്പും സ്വർണ്ണവും നിറമുള്ള കവർ കൊണ്ട് പുറംചട്ട നിർമിച്ചിട്ടുണ്ട്. കൈയെഴുത്ത് ഏകദേശം 14 കിലോഗ്രാം ഭാരം വരും. ഒരു പേജ് എഴുതാൻ ഏകദേശം നാല് മണിക്കൂർ എടുക്കും. ചില ദിവസങ്ങളിൽ, എട്ട് മണിക്കൂറിനുള്ളിൽ രണ്ട് പേജുകൾ എഴുതാൻ എനിക്ക് കഴിഞ്ഞു. മൊത്തത്തിൽ, 302 ദിവസത്തിനുള്ളിൽ ഞാൻ ജോലി പൂർത്തിയാക്കി, 2,416 മണിക്കൂർ ചെലവഴിച്ചുവെന്നും സജ്ല പങ്കുവെച്ചു. കൈയെഴുത്തുപ്രതിയുടെ പ്രകാശനം കുമ്പ്രയിലെ മർകസുൽ ഹുദ വനിതാ കോളേജിൽ നടന്നു. കേരളത്തിലെ മർകസ് നോളജ് സിറ്റിയിലെ മുദരിസായ യാസീൻ സഖാഫി അൽ അസ്ഹരിയാണ് കൈയെഴുത്തുപ്രതി ഔദ്യോഗികമായി പ്രകാശനം ചെയ്തത്.