മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ യുവാക്കൾ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ മുട്ടിക്കടവിലാണ് സംഭവം. എടക്കര മുസ്ലിയാരങ്ങാടി സ്വദേശികളായ അരിക്കല്‍ വീട്ടിൽ സല്‍സബില്‍, തട്ടാന്‍ തൊടിക വീട്ടിൽ റിഷാന്‍ എന്നിവരാണ് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. മുട്ടിക്കടവ് ജില്ലാ വിത്തുകൃഷി തോട്ടത്തിന് മുന്‍വശത്ത് തിങ്കളാഴ്ച രാവിലെ 10.15ഓടെയാണ് അപകടം നടന്നത്. അപകടത്തിൽപെട്ട ബൈക്ക് ബസിനടിയിൽ അകപ്പെട്ട നിലയിലായിരുന്നു. നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസിൽ ഇടിച്ചു നിന്നു.എതിർദിശകളിൽ വന്ന ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ക്ഷണ നേരത്തെ മനസാന്നിധ്യവും ദ്രുതഗതിയിൽ രക്ഷപ്പെടാൻ ശ്രമിച്ചതുമാണ് യുവാക്കൾക്ക് രക്ഷയായത്. മുന്നിലെ വാഹനത്തെ മറികടന്ന് വേഗത്തിൽ പാഞ്ഞെത്തിയ ബസ് തങ്ങളെ ഇടിക്കുമെന്ന് മനസിലാക്കിയ ഉടൻ യുവാക്കൾ ബൈക്കിൻ്റെ ബ്രേക്ക് പിടിച്ച് വേഗം കുറച്ചു. പിന്നാലെ ബസിൽ നിന്ന് എടുത്തുചാടി. ഇവർ കണക്കുകൂട്ടിയത് പോലെ ബൈക്കിൽ ഇടിച്ച ബസ് ഇതിൻ്റെ മുകളിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വിത്തുകൃഷി തോട്ടത്തിൻ്റെ മതിലിൽ ഇടിച്ചുനിന്നു.

ബൈക്കിൽ നിന്ന് ചാടി വീണുണ്ടായ നിസാര പരിക്കുകളാണ് യുവാക്കൾക്കുള്ളത്. കൈകാലുകളിലാണ് ഇരുവരുടെയും പരിക്ക്. അപകടത്തിൽ ബസ് യാത്രക്കാർക്കോ ഡ്രൈവർക്കോ പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.