Fincat

അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവന്നാൽ കേസെടുക്കും; ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ് ഉത്തരവ്. പൊലീസിന്റെയും കെഎസ്ഇബിയുടേയും മുൻകൂർ അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വാടക കെട്ടുകാഴ്ചകൾ ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടു വരുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഇത്തരത്തിൽ കൊണ്ടുവരേണ്ട ഏതെങ്കിലും സാഹചര്യം ഉണ്ടായാൽ ഇക്കാര്യത്തിൽ വെദ്യുതി ലൈനുകൾ അഴിക്കേണ്ടാത്ത രീതിയിൽ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തി പൊലീസിന്റേയും കെഎസ്ഇബിയുടേയും മുൻകൂർ അനുമതി വാങ്ങി മാത്രം കെട്ടുകാഴ്ചകൾ കൊണ്ടു വരിക. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും മറ്റ് ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ഓരോ ആരാധനാലയത്തിന്റേയും ഭരണസമിതികൾ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന കെട്ടുകാഴ്ചകൾ സംബന്ധിച്ചുള്ള അപേക്ഷകൾ ക്രോഡീകരിച്ച് ഒരു മാസത്തിന് മുൻപെങ്കിലും കെഎസ്ഇബിക്ക് നൽകുക. അപേക്ഷയോടൊപ്പം നൽകിയ വിശദാംശങ്ങളിൽ പിന്നീട് മാറ്റം വരാത്ത രീതിയിൽ കെട്ടുത്സവങ്ങൾ നടത്തണം. ഓരോ വർഷവും കെട്ടുത്സവത്തിന്റെ ഉയരം കൂട്ടുന്നത് ഒഴിവാക്കണം.ആരാധനാലയങ്ങളുടെ ഏറ്റവും അടുത്ത സ്ഥലങ്ങളിൽ നിന്ന് കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നതിന് പരമാവധി ശ്രമിക്കുക. വാടക കെട്ടുകാഴ്ചകൾ ഉപയോഗിക്കുന്ന പക്ഷം അവ ആരാധനാലയങ്ങളുടെ പരിസരത്ത് കൊണ്ടുവന്ന് കെട്ടുകയും ഉത്സവശേഷം അഴിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആർച്ചുകൾ കെട്ടുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.കെട്ടുത്സവങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനുകൾ അഴിച്ച് മാറ്റുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്യുന്നതിന് കെഎസ്ഇബിക്ക് ചെലവാകുന്ന തുക ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്

എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി കെഎസ്ഇബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ബന്ധപ്പെട്ട ആരാധനാലയങ്ങളിലെ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് കെട്ടുത്സവങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ നിജപ്പെടുത്തി ഉത്സവ സീസണിണ് ആറ് മാസം മുൻപ് ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്നും പറയുന്നു. അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ ഉത്തരവ്.