‘ഒരുക്കങ്ങളൊക്കെ ആഴ്ചകള്‍ക്ക് മുമ്പെ തുടങ്ങി’, ഏഷ്യാ കപ്പ് ടീം സെലക്ഷനെക്കുറിച്ച് പ്രതികരിച്ച് സഞ്ജു
ഏഷ്യാ കപ്പിനായി മൂന്നാഴ്ച മുന്നേതന്നെ ഒരുക്കങ്ങൾ തുടങ്ങിയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം ടി20യിൽ മൂന്ന് സെഞ്ച്വറി നേടി കരുത്ത് തെളിയിച്ച സഞ്ജു സാംസൺ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഏഷ്യാ കപ്പ് യുഎഇയിലായതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശീലനം രണ്ട് മൂന്നാഴ്ച മുമ്പെ തുടങ്ങിയിരുന്നുവെന്ന് സഞ്ജു സാംസണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടിപ്പോൾ മൂന്നോ നാലോ മാസമായി. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഏഷ്യാ കപ്പിനെ കാണുന്നതെന്നും സഞ്ജു പറഞ്ഞു. ഓപ്പണർ അഭിഷേക് ശർമ്മ ഉൾപ്പടെ ഇപ്പോൾ ടീമിൽ എല്ലാവരും ആക്രമിച്ച് കളിക്കുന്നവരാണ്. മുമ്പൊക്കെ കളിക്കുമ്പോള്‍ നമ്മള് മാത്രം റിസ്ക് എടുത്ത് കളിക്കുന്നതായിട്ടൊക്കെ തോന്നിയിട്ടുണ്ട്. എന്നാലിപ്പോള്‍ ടീമില്‍ കളിക്കുന്ന എല്ലാവരും ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുന്നവരാണ്. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നതും ഈ ഒരു സമീപനം തന്നെയാണ്. ആ രീതിയില്‍ കളിക്കുന്ന കളിക്കാര്‍ക്കൊപ്പം കളിക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.