ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ഓഫറുകളുടെ പെരുമഴ തുടർന്ന് റഷ്യ, ഡിസ്കൗണ്ട് വാണിജ്യ രഹസ്യം
യുഎസിൽ നിന്നുള്ള സമ്മർദ്ദവും ഉപരോധങ്ങളും നിലനിൽക്കെ, ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവിൽ എണ്ണ വിതരണം ചെയ്യുന്നത് തുടരുമെന്ന് റഷ്യ. ഇന്ത്യയിലേക്കുള്ള റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതി ചർച്ചകൾക്ക് വിധേയമായി 5 ശതമാനം കിഴിവ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞു. ഇന്ത്യ ഏകദേശം ഒരേ അളവിലുള്ള എണ്ണ ഇറക്കുമതി ചെയ്യുമെന്നും എന്ന് ഗ്രിവ കൂട്ടിച്ചേർത്തു. ഡിസ്കൗണ്ടുകൾ വാണിജ്യ രഹസ്യമാണ്. ഇത് സാധാരണയായി ബിസിനസുകാർ തമ്മിലുള്ള സംഭാഷണം മാത്രമാണ്. ഏകദേശം 5 ശതമാനമാണ് ഇളവ്. സാധാരണയായി കിഴിവ് അഞ്ച് ശതമാനത്തിൽ കൂടുതലോ കുറവോ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെങ്കിലും, ഞങ്ങളുടെ ബന്ധങ്ങളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ ഇതേ അഭിപ്രായം പങ്കുവെച്ചു. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയുടെ എണ്ണ വാങ്ങി യുക്രൈനിലെ യുദ്ധത്തിന് ഇന്ത്യ ധനസഹായം നൽകുന്നുണ്ടെന്ന് അമേരിക്ക ആരോപിക്കുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ശിക്ഷയായി 50 ശതമാനം തീരുവ ചുമത്തുകയും ചെയ്തു.
റഷ്യൻ എണ്ണയ്ക്കുള്ള ആഗോള ക്ലിയറിങ് ഹൗസായി ഇന്ത്യ പ്രവർത്തിക്കുന്നു. ഉപരോധിച്ച ക്രൂഡിനെ ഉയർന്ന മൂല്യമുള്ള കയറ്റുമതിയാക്കി മാറ്റുന്നു. പകരം റഷ്യക്ക് ആവശ്യമായ ഡോളർ നൽകുന്നുവെന്നും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ പറഞ്ഞിരുന്നു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു നീക്കവും നടത്തിയില്ലെങ്കിൽ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും അവരുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്ക നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൈനയും ഇന്ത്യയുമാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത്.