പാലക്കാട് സ്കൂളിലെ സ്ഫോടനം: മനുഷ്യജീവന് അപകടം വരുത്തണമെന്ന് ലക്ഷ്യം, പൊട്ടിയത് മാരകവസ്തുവെന്ന് എഫ്ഐആർ
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഇക്കാര്യം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, എന്ത് തരത്തിലുള്ള സ്ഫോടക വസ്തുവാണെന്ന് വ്യക്തമായിട്ടില്ല. മനുഷ്യ ജീവന് അപകടമുണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവ്വം കൊണ്ടുവെച്ചു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആർഎസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളാണിത്. പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്.