ജറുസലേം: ഗാസയെ പൂർണമായി കീഴടക്കുന്ന സൈനികനടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാൻ ഇസ്രയേൽ. അൻപതിനായിരം റിസർവ് സൈനികരെ സൈന്യത്തിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസ് ഇപ്പോഴും സജീവമായി നിലനിൽക്കുന്ന മേഖലകളിലായിരിക്കും സൈനിക നടപടി. ജനസാന്ദ്രത കൂടിയതാണ് ഈ മേഖലകളെന്നതിനാൽ വെല്ലുവിളി നിറഞ്ഞതാകും ഇത്. അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവിൽ ഗ്രൗണ്ടിലുള്ള ഇസ്രയേൽ സേന തുടങ്ങിക്കഴിഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിർദേശത്തില്‍ ലോകം വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും ഇസ്രായേൽ അത് തള്ളുകയായിരുന്നു. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ വെടിനിർത്തില്ലെന്നും ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സമ്മർദ്ദത്തിൽ ആണെന്നും ഗാസ പൂർണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.