ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും: പ്രീമിയം നിരക്ക് കുറയുമെന്ന് സൂചന
Share
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജി.എസ്.ടി നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിന് രൂപീകരിച്ച മന്ത്രിതല സമിതിയുടെ കണ്‍വീനറായ ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിതല സമിതി ജി.എസ്.ടി കൗണ്‍സിലിന് സമര്‍പ്പിക്കും. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കാനുള്ള കേന്ദ്ര നിര്‍ദേശത്തിന് മന്ത്രിതല സമിതി അംഗങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മന്ത്രിതല സമിതിയിലെ അംഗങ്ങള്‍ നിരക്കുകള്‍ കുറയ്ക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.ചില സംസ്ഥാനങ്ങള്‍ അവരുടെ നിര്‍ദേശങ്ങളും സമിതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം ജി.എസ്.ടി കൗണ്‍സിലിന്റേതായിരിക്കും. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ രൂപീകരിച്ച 13 അംഗ സമിതിയുടെ കണ്‍വീനറാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. ജി.എസ്.ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ ഉത്പന്നങ്ങളും സേവനങ്ങളും ‘മെരിറ്റ്’, ‘സ്റ്റാന്‍ഡേര്‍ഡ്’ എന്നിങ്ങനെ രണ്ടായി തരംതിരിച്ച് അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ട് നിരക്കുകളില്‍ നികുതി ചുമത്തും.ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, മേഘാലയ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ആണ് സമിതിയില്‍ ഉള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ നിന്ന് 8,262.94 കോടി രൂപയും ആരോഗ്യ റീ-ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ നിന്ന് 1,484.36 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാനം ലഭിച്ചിരുന്നു. 2,488 രൂപ പ്രതിമാസ പ്രീമിയം വരുന്ന ഒരു ടേം ഇന്‍ഷുറന്‍സ് പോളിസിയില്‍ 379.58 രൂപയും ചരക്ക് സേവന നികുതിയിലേക്കാണ് പോകുന്നത്.