Fincat

ദുബൈയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം! പത്ത് വർഷമായി നിരന്തരം ശ്രമിച്ചു, ഒടുവിൽ ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് കോടികളുടെ സമ്മാനം

ദുബൈയില്‍ മലയാളിക്ക് വീണ്ടും വമ്പന്‍ ഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനിയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (8.7 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. കഴിഞ്ഞ 20 വര്‍ഷമായി ദുബൈയില്‍ ഡോക്യുമെന്‍റ് കൺട്രോളറായി ജോലി ചെയ്യുന്ന 55കാരനായ പ്രദീപ് ചാലാടൻ ആണ് ജാക്പോട്ട് സീരീസ് 512ല്‍ വിജയിയായത്.

ഇദ്ദേഹം ഓഗസ്റ്റ് 8ന് ഓൺലൈനായി വാങ്ങിയ 2747 എന്ന ടിക്കറ്റ് നമ്പരാണ് വന്‍ വിജയം നേടിക്കൊടുത്തത്. 10 വര്‍ഷത്തിലേറെയായി പ്രദീപ് ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലുള്ള ഒരു സഹപ്രവര്‍ത്തകനുമായി ചേര്‍ന്നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ദുബൈയിലെ ഒരു ആര്‍ക്കിടെക്ചറല്‍ കൺസള്‍ട്ടന്‍സിയിലാണ് പ്രദീപ് ജോലി ചെയ്യുന്നത്. ‘എന്‍റെ കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കിയ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ട്’- പ്രദീപ് പറഞ്ഞു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതലുള്ള 256-ാമത് ഇന്ത്യക്കാരനായ വിജയിയാണ് പ്രദീപ്.