Fincat

‘ലോകത്തില്‍വെച്ച്‌ ഏറ്റവും സൗമ്യനായ ന്യായാധിപൻ’; ഫ്രാങ്ക് കാപ്രിയോയ്ക്ക് വിടനല്‍കി ലോകം


വാഷിങ്ടണ്‍: ‘ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപൻ’ എന്നറിയപ്പെടുന്ന അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.പാൻക്രിയാറ്റിക് കാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ റോഡ് ഐലൻഡ് സ്റ്റേറ്റിലുള്ള പ്രൊവിഡൻസ് മുൻസിപ്പല്‍ കോർട്ടിലെ മുൻ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ.

മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടിയ ഫ്രാങ്ക് ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന പേരില്‍ നടത്തിയ ടിവി ഷോയും വൈറലായിരുന്നു. 1936-ല്‍ റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. കോടതിമുറികളിലെ സഹാനുഭൂതിയുടെ കരസ്പർശം കൂടിയായിരുന്നു ഫ്രാങ്ക് കാപ്രിയോ.

1985-ല്‍ പ്രൊവിഡൻസ് മുനിസിപ്പല്‍ കോർട്ടില്‍ ചീഫ് ജഡ്ജി ആയിട്ടാണ് തുടക്കം. 40 വർഷങ്ങള്‍ നീണ്ട സേവനത്തിനൊടുവില്‍ 2023-ല്‍ അദ്ദേഹം വിരമിച്ചു. അദ്ദേഹം അവതരിപ്പിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന ഷോ എമ്മി നോമിനേഷന് അർഹമായിരുന്നു. കോടതിയില്‍ കുട്ടികളെ തനിക്കൊപ്പം വിളിച്ചിരുത്തി വാദങ്ങള്‍ കേള്‍ക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അദ്ദേഹത്തിന്റെ ദിനചര്യ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ടിക്ക് ടോക്കില്‍ അഞ്ചുമില്ല്യണിലധികം കാഴ്ചക്കാരെ നേടിയിരുന്നു. ഫ്രാങ്ക് കാപ്രിയോയോട് ജനങ്ങള്‍ക്കുള്ള ഇഷ്ടത്തിനും പിന്തുണയ്ക്കും അദ്ദേഹത്തിന്റെ മകൻ ഡേവിഡ് കാപ്രിയോ നന്ദി അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ താൻ ആശുപത്രിയിലാണെന്നും തന്നെയും നിങ്ങളുടെ പ്രാർത്ഥനകള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

ഫ്രാങ്ക് കാപ്രിയോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് അദ്ദേഹത്തിന്റെ മരണവാർത്ത ഉറ്റവർ പങ്കുവെച്ചത്. 2023-ലാണ് ഫ്രാങ്ക് കാപ്രിയോയ്ക്ക് പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരിച്ചത്.