ബിസിനസ് വഞ്ചനാ കേസിൽ ഡോണള്‍ഡ് ട്രംപിന് ആശ്വാസം; പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി
ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ആശ്വാസം. കീഴ്കോടതി ചുമത്തിയ 454 മില്യൺ ഡോളറിന്‍റെ പിഴ അഞ്ചംഗ അപ്പീൽ കോടതി റദ്ദാക്കി. കുറ്റം നടന്നിട്ടുണ്ടെന്നും എന്നാൽ, ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട് അപ്പീൽ ജഡ്ജിമാർ ഉത്തരവിൽ വ്യക്തമാക്കിയത്. കേസിൽ സമ്പൂര്‍ണ വിജയമെന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ, വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്‍റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്ക് കോടതി ഡോണൾഡ് ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും ശിക്ഷിച്ചത്.
അതേസമയം, ഡോണാള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തിൽ ഇന്ത്യക്കൊപ്പമെന്ന് ചൈന വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ചൈന ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫിയോങ് പറഞ്ഞു. അമേരിക്കയുടെ നീക്കങ്ങളോട് പ്രതികരിക്കാതിരുന്നാൽ ട്രംപിന്‍റെ പ്രവർത്തികളുടെ ശക്തികൂടുകയെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.