ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒട്ടേറെ പുതുമകളുമായാണ് എത്തിയിരിക്കുന്നത്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന ബിഗ് ബോസ് മുന്‍ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ഒരു ഫിസിക്കല്‍ ടാസ്കിന് ശേഷം മത്സരാര്‍ഥികളെ പിരിച്ചുവിടാന്‍ ബിഗ് ബോസിന് ഇന്ന് ലോംഗ് ബസര്‍ മുഴക്കേണ്ടിവന്നു. അത്രയും ആവേശത്തോടെയും വാശിയോടെയുമാണ് മത്സരാര്‍ഥികള്‍ പ്രസ്തുത ടാസ്കില്‍ പങ്കെടുത്തത്. പണിപ്പുര പ്രവേശനത്തിനായുള്ള ടാസ്കുകളില്‍ ഒന്നായിരുന്നു ഇതും. ഹൗസിന്‍റെ മുറ്റത്ത് തയ്യാറാക്കിയ ഒരു മഡ് പിറ്റില്‍ രണ്ട് ടീമുകളായി തിരിഞ്ഞ് വ്യത്യസ്ത നിറത്തിലുള്ള കൊടികള്‍ കുത്തുകയാണ് വേണ്ടിയിരുന്നത്.മുഴുവന്‍ ടീം അംഗങ്ങളെയും രണ്ടായി തിരിച്ചാണ് ബിഗ് ബോസ് മത്സരത്തിന് ക്ഷണിച്ചത്. മഞ്ഞയും പിങ്കും നിറത്തിലുള്ള കൊടികളാണ് ഇവര്‍ക്ക് കൊടുത്തത്. ബസര്‍ ടു ബസര്‍ ആയിരുന്ന മത്സരത്തില്‍ ജയിക്കുക ഏറ്റവുമധികം കൊടികള്‍ മഡ് പിറ്റില്‍ കുത്തിനിര്‍ത്തുന്ന ടീം ആയിരുന്നു. എന്നാല്‍ എതിര്‍ ടീമിനെ കൊടി കുത്താന്‍ അനുവദിക്കാതെയും സ്വന്തം ടീമിന്‍റെ കൊടി കുത്താന്‍ ശ്രമിച്ചും വന്‍ ടീം വര്‍ക്ക് ആണ് എല്ലാവരും ചേര്‍ന്ന് നടത്തിയത്. ഇത് വലിയ രീതിയിലുള്ള ബലപ്രയോഗങ്ങളിലേക്ക് പോയി. ഇടയ്ക്ക് ഒരു മത്സരാര്‍ഥി മഡ് പിറ്റിന് വെളിയില്‍ നിന്ന് മണ്ണ് എടുത്തുകൊണ്ടുവന്ന് എതിരാളികളുടെ നേര്‍ക്ക് എറിയുകപോലും ഉണ്ടായി. അക്ബര്‍ ആണ് അത് ചെയ്തത്.

കളി കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് ബോധ്യമായ ബിഗ് ബോസ് ഇടയ്ക്ക് ഒരു മിനിറ്റ് നേരത്തേക്ക് കളി സ്റ്റോപ്പ് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും പിന്തിരിയാതെ തങ്ങളുടെ ടീമിന്‍റെ കൊടി സംരക്ഷിക്കുകയായിരുന്നു പലരും. പിന്നീട് വീണ്ടും കളി ആരംഭിച്ചപ്പോഴും കൈയാങ്കളി തുടര്‍ന്നു. ഏറെ നേരം നീണ്ടുനിന്ന ഗെയിം കൂടിയായിരുന്നു ഇത്. ഒടുവില്‍ ബിഗ് ബോസ് എന്‍ഡ് ബസര്‍ മുഴക്കിയപ്പോഴും മത്സരാര്‍ഥികള്‍ മഡ് പിറ്റില്‍ പരസ്പരം പോരാടുകയായിരുന്നു. പിന്നാലെ ബിഗ് ബോസ് ബസര്‍ തുടരെത്തുടരെ മുഴക്കുകയായിരുന്നു. എന്നിട്ടും പല മത്സരാര്‍ഥികളും പിറ്റ് വിട്ട് പുറത്തേക്കിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ കര്‍ശന സ്വരത്തില്‍ എല്ലാവരും ലിവിംഗ് റൂമിലേക്ക് പോകാന്‍ ബിഗ് ബോസിന്‍റെ നിര്‍ദേശം വന്നു. പിന്നീടാണ് മത്സരാര്‍ഥികളില്‍ പലരും കളം വിട്ടത്.