Fincat

ട്രംപ് ഉത്തരവിട്ടു, ടൂറിസ്റ്റുകളടക്കം 5.5 കോടിയിലധികം വിസകള്‍ പുനഃപരിശോധിക്കും; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: അഞ്ചരക്കോടി വിദേശികളുടെ വീസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നത്. ട്രംപ് ഭരണകൂടം വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കാലാവധി കഴിഞ്ഞുള്ള താമസം, ക്രിമിനൽ ബന്ധം, തീവ്രവാദ അനുഭാവം എന്നിവ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വിസ കിട്ടിയ ശേഷം ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും നടപടിയുണ്ടാകും. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ യുഎസ് വിസ ഉടമകളും തുടര്‍ച്ചയായ പരിശോധനയ്ക്ക് വിധേയരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

നാടുകടത്തലിന് കാരണമായേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വിസ റദ്ദാക്കാനാണ് ട്രംപിന്‍റെ നിർദ്ദേശമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസ ഉടമ അമേരിക്കയില്‍ തുടരുകയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുനേരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, 12.8 ദശലക്ഷം ഗ്രീന്‍ കാര്‍ഡ് ഉടമകളും 3.6 ദശലക്ഷം പേര്‍ താല്‍ക്കാലിക വിസയിലും അമേരിക്കയില്‍ ഉണ്ട്.