Fincat

വലിയതുറ കടല്‍പ്പാലത്തില്‍നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി


തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലത്തില്‍നിന്ന് വഴുതി കടലില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. മുട്ടത്തറയിലെ പ്രത്യാശ ഫ്ളാറ്റില്‍ താമസിക്കുന്ന വലിയതുറ ഫ്രണ്ട്സ് റോഡ് കർമ്മലമാത കുരിശടിക്ക് സമീപം ജോണ്‍സന്റെയും മെറ്റിയുടെയും മകൻ റോബിനെ(32) ആണ് കാണാതായത്.വെളളിയാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം.

റോബിനും മറ്റ് അഞ്ചുതൊഴിലാളികളുമായി വിഴിഞ്ഞം തീരത്ത് രാവിലെ അഞ്ചോടെയായിരുന്നു മീൻപിടിത്തത്തിനുപോയത്. മീൻപിടിച്ചശേഷം വലിയതുറ കടല്‍പ്പാലത്തിന്റെ കടലിലേക്ക് തളളിനില്‍ക്കുന്ന ഭാഗത്ത് കെട്ടിയിട്ടുളള കയറിലൂടെ മീനുമായി മുകളിലെത്തി. പാലം അപകടത്തിലായി മധ്യഭാഗത്ത് രണ്ടായി പിളർന്നിരുന്നു. ഇതിന്റെ അറ്റത്തുനിന്ന് കരഭാഗത്തേക്ക് വലിയ വടം വലിച്ചുകെട്ടിയിട്ടുണ്ട്. ഇതിലൂടെ വലയില്‍ നിറച്ച മീൻ റോബിൻ കരയിലുളള ആളിന് കൈമാറിയിരുന്നു.

അടുത്ത വലക്കെട്ട് എടുക്കുന്നതിന് പാലത്തിന്റെ അറ്റത്തേക്ക് നടന്നുപോകവെ വഴുതിവീണ് കടലില്‍ കാണാതായെന്നാണ് ഒപ്പമുള്ളവർ നല്‍കിയ വിവരം. വിഴിഞ്ഞം കോസ്റ്റല്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടർന്ന് എസ്.ഐ. ഗിരീഷ് കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അപകട സ്ഥലതെത്തി. ബോട്ടുപയോഗിച്ച്‌ വൈകിട്ടുവരെ തിരച്ചില്‍ നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.