ജാതിക്ക തോട്ടം; വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജന്മദേശം ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണെങ്കിലും ഇന്ത്യയടക്കം നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ മിശ്രവിളയായി കൃഷി ചെയ്യുന്ന ജാതിയില്‍ ആണ്‍ പെണ്‍ വൃക്ഷങ്ങളുണ്ട്. എന്നാൽ, പെണ്‍മരം മാത്രമേ ഫലം തരുകയുള്ളൂ. ജാതികൃഷിയില്‍ നല്ല വിളവുകിട്ടാന്‍ ഏറ്റവും അനുയോജ്യമായത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്. എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷി ചെയ്യാന്‍ കൂടുതല്‍ അനുയോജ്യം. കേരളത്തിന്‍റെ കാലാവസ്ഥയും മണ്ണും ജാതിക്കൃഷിക്ക് അനുയോജ്യമാണ്.
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് എന്നതാണ് ജാതിയുടെ ശാസ്ത്രീയനാമം, വാണിജ്യാടിസ്ഥാനത്തിൽ കൃഷിക്കായ് ബഡ് തൈകളാണ് ഏറ്റവും അനുയോജ്യം. തനി വിളയായ് കൃഷി ചെയ്യുമ്പോൾ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം. എന്നാല്‍ കേരളത്തില്‍ സാധാരണയായി ജാതി ഒരു മിശ്രവിളയായി കൃഷി ചെയ്യപ്പെടുന്നു. വളരെ അധികം തണലും ഈര്‍പ്പവും ആവശ്യമുള്ളത് കൊണ്ടാണ് ഇത്തരമൊരു കൃഷി രീതിയെ കേരളം പിന്താങ്ങുന്നത്. ഇത്തരത്തില്‍ തണലും നനവും നിലനിര്‍ത്താനായി ജാതിച്ചുവട്ടില്‍ വര്‍ഷം മുഴുവനും കനത്തില്‍ പുതയിടുന്നതും നല്ലതാണ്.
ജാതി പലരീതികളിൽ കൃഷി ചെയ്യാവുന്ന ഒരു മരം. വിത്തുപാകി മുളപ്പിച്ചും, ടോപ്പ് വർക്കിംഗ്, ഒട്ടിക്കൽ, ഫീൽഡ് ബഡ്ഡിംഗ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും കൃഷി നടത്തുന്നു. വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന സുഗന്ധവിളയാണ് ജാതി. വളര്‍ച്ചാദശ അനുസരിച്ച് വളത്തിന്‍റെ അളവില്‍ മാറ്റം വരുത്തണം. ഒരു വര്‍ഷം പ്രായമായ തൈകള്‍ക്ക് 10-20 കിലോ വരെ ജൈവവളം ചേര്‍ക്കാം. ക്രമേണ ഇത് വര്‍ധിപ്പിച്ച് 15 വര്‍ഷമായ ഒരു മരത്തിന് 50-100 കിലോ എന്ന തോതില്‍ ജൈവവളം ഒരു വര്‍ഷം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു മരത്തിന് ജൈവവളത്തിന് പുറമേ ആദ്യ വര്‍ഷം 40 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ്, 85 ഗ്രാം പൊട്ടാഷ് എന്നിവ നൽകാം. രണ്ടാം വര്‍ഷം ഇതിന്‍റെ തോത് ഇരട്ടിയാക്കണം. ഇങ്ങനെ വളപ്രയോഗം ക്രമേണ വര്‍ധിപ്പിച്ച് 15 വര്‍ഷമാകുമ്പോള്‍ ഈ അളവുകള്‍ 1,100 ഗ്രാം യൂറിയ, 1,250 ഗ്രാം മസൂറിഫോസ്, 1,275 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാക്കണം. ഒരു വര്‍ഷം നല്‍കേണ്ട ആകെ വളം രണ്ട് തുല്യ അളവുകളായി വിഭജിച്ച് ഏപ്രില്‍ – മേയിലും സെപ്റ്റംബര്‍ – ഒക്ടോബറിലും രണ്ട് തവണകളായി വേണം നൽകാന്‍.