Fincat

മോസ്‌കോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം, വെടിവെച്ചിട്ട് റഷ്യ; വിമാനത്താവളങ്ങള്‍ അടച്ചു


മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായത്.മോസ്കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ്‍ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു.

മോസ്കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട 32 ഡ്രോണുകളാണ് മൂന്നുമണിക്കൂറിനുള്ളില്‍ വ്യോമപ്രതിരോധ സംവിധാനം തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു. ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ റഷ്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടതായും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലുണ്ട്. മോസ്കോയുടെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളായ ഇസെവ്സ്ക്, നിഷ്നി നോള്‍വ്ഗൊറോഡ്, സമാറ, പെൻസ, താംബോവ്, ഉല്യാനോവ്സ്ക് തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചത്. അതേസമയം, ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.