ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല; രാഹുല്‍ രാജിവെയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം: ജോസഫ് വാഴയ്ക്കൻ
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
വാത്തകളൊക്കെ ഞെട്ടിക്കുന്നതാണ്. വല്ലാത്ത രീതിയില്‍ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ഇത് പാർട്ടി ഏല്ക്കേണ്ട കാര്യവുമില്ല. ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല. കേട്ട വാർത്തകള്‍ ഞെട്ടിക്കുന്നതാണ്. സമാനതകളില്ലാത്താണ്. ധാർമിക ബോധമുണ്ടെങ്കില്‍ രാഹുല്‍ രാജിവെച്ച് പുറത്തുപോണമെന്നും ജോസഫ് വാഴയ്ക്കൻ കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പ്രതികരിച്ചു. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന് പറഞ്ഞു.
രാജിവെക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസിന്റെ മുൻതൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. രാഹുലിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വിളിച്ചിട്ട് കിട്ടിയില്ല. മൂഡ് ഔട്ട് ആയിരിക്കാം. സമൂഹം നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് പൊതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എ തങ്കപ്പൻ വിമർശനാത്മകമായി ചൂണ്ടിക്കാട്ടി.
പുറത്തുവരുന്ന വാർത്തകളില്‍ പ്രവർത്തകർക്ക് സ്വാഭാവികമായും നിരാശയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നമ്മള്. കെപിസിസി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ തങ്കപ്പൻ ആവർത്തിച്ചു.
അതേസമയം, രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഹൈക്കമാൻഡിനെ നിലപാടറിയിച്ചു. രാജി കൂടിയേ തീരൂവെന്ന വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ രാജിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടാണ് ഇനി നിർണായകം.