Fincat

രജനിയെയും കടത്തിവെട്ടിയ വില്ലൻ, ‘ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും’; ചിത്രങ്ങള്‍ പങ്കുവെച്ച്‌ സൗബിൻ


ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ സിനിമയാണ് കൂലി. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല.ചിത്രത്തില്‍ സൗബിൻ അവതരിപ്പിച്ച ദയാല്‍ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സൗബിൻ.

ദയാല്‍ എന്നും തനിക്ക് സ്പെഷ്യല്‍ ആയിരിക്കും എന്നും കൂലി തന്റെ ഹൃദയത്തോട് ചേർന്ന് നില്‍ക്കുമെന്നും സൗബിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രജനികാന്ത്, ആമിർ ഖാൻ, ലോകേഷ് കനകരാജ്, ഉപേന്ദ്ര എന്നിവർക്കൊപ്പമുള്ള ചിത്രവും സൗബിൻ പങ്കുവെച്ചിട്ടുണ്ട്. ‘ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്. നിങ്ങളുടെ സ്നേഹത്തിനും നല്ല വാക്കുകള്‍ക്കും നന്ദി. ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും. കൂലി എപ്പോഴും എൻ്റെ ഹൃദയത്തോട് ചേർന്ന് നില്‍ക്കും’, സൗബിന്റെ വാക്കുകള്‍.

ചിത്രത്തിന്റേതായി റിലീസിന് മുൻപ് പുറത്തിറങ്ങിയ മോണിക്ക എന്ന ഗാനം വൈറലായിരുന്നു. ഗാനത്തിലെ പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പമുള്ള സൗബിന്റെ ഡാൻസും ട്രെൻഡ് ആയിരുന്നു. പൂജയെ സൗബിൻ കടത്തിവെട്ടിയെന്നും ഏത് സൂപ്പർതാരത്തിന്റെ ഒപ്പമെത്തിയാലും ഡാൻസില്‍ മുന്നിട്ട് നില്‍ക്കുന്ന പൂജയെ ഇത്തവണ സൗബിൻ പിന്നിലാക്കി എന്നുമായിരുന്നു അന്ന് വീഡിയോ സോങ്ങിന് താഴെ വന്ന കമന്റുകള്‍.

കൂലി ഇപ്പോള്‍ ആഗോളതലത്തില്‍ 450 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകള്‍. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത റോബോട്ട് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ മറികടന്ന് രജനിയുടെ രണ്ടാമത്തെ വലിയ ഹിറ്റായി കൂലി മാറി. ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്സ് ഓഫീസില്‍ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി രൂപയും നാലാം ദിവസം 4.75 രൂപയും നേടിയതോടെ വാരാന്ത്യത്തില്‍ ഹിന്ദിയില്‍ ചിത്രം 19 കോടിയിലധികം രൂപ നേടിയിരുന്നു.