Fincat

അവസാനഓവറുകളില്‍ കത്തിക്കയറി അഖില്‍ സ്കറിയയും സല്‍മാൻ നിസാറും; ട്രിവാൻഡ്രത്തെ വീഴ്ത്തി കാലിക്കറ്റ്


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ ജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ഏഴുവിക്കറ്റിന് കാലിക്കറ്റ്, ട്രിവാൻഡ്രം റോയല്‍സിനെ പരാജയപ്പെടുത്തി.അഖില്‍ സ്കറിയയുടെയും സല്‍മാൻ നിസാറിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കാലിക്കറ്റിന് ജയം സമ്മാനിച്ചത്. ടൂർണമെന്റിലെ ടീമിന്റെ ആദ്യ ജയമാണിത്.

174 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹൻ കുന്നുമ്മലിനെ ടീമിന് നഷ്ടമായി. 12 റണ്‍സായിരുന്നു കാലിക്കറ്റ് നായകന്റെ സമ്ബാദ്യം. പിന്നീട് സച്ചിൻ സുരേഷ് സ്കോർ ഉയർത്തി. അഞ്ച് റണ്‍സെടുത്ത എം. അജ്നാസിനെയും ടീമിന് നഷ്ടമായി. 28 റണ്‍സെടുത്ത സച്ചിനെയും നഷ്ടമായതോടെ ടീം 68-3 എന്ന നിലയിലായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച അഖില്‍ സ്കറിയയും സല്‍മാൻ നിസാറും ക്രീസില്‍ നിലയുറപ്പിച്ച്‌ ബാറ്റേന്തി. തുടക്കത്തില്‍ ഇരുവരും പതിയെ ആണ് സ്കോർ ഉയർത്തിയത്. 15 ഓവറില്‍ 99-3 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. 30 പന്തില്‍ നിന്ന് 75 റണ്‍സ് വേണമെന്ന ഘട്ടം. എന്നാല്‍ അവസാന ഓവറുകളില്‍ അഖില്‍ സ്കറിയ കത്തിക്കയറിയതോടെ കാലിക്കറ്റിന് ജയപ്രതീക്ഷ കൈവന്നു. ഒപ്പം സല്‍മാൻ നിസാറും അടിച്ചു തകർത്തു. വെടിക്കെട്ട് തുടർന്ന ഇരുവരും അർധസെഞ്ചുറി തികച്ചു. പിന്നാലെ ടീമിനെ ജയത്തിലെത്തിക്കുകയും ചെയ്തു. അഖില്‍3 2 പന്തില്‍ നിന്ന് മൂന്ന് ഫോറുകളുടെയും ആറ് സിക്സറുകളുടെയും അകമ്ബടിയോടെ 68 റണ്‍സടുത്തു. സല്‍മാൻ നിസാർ 34 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. ട്രിവാൻഡ്രത്തിനായി അജിത് വാസുദേവൻ രണ്ടുവിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണെടുത്തത്. നായകൻ കൃഷ്ണ പ്രസാദിന്റെ ഇന്നിങ്സാണ് ട്രിവാൻഡ്രത്തിന് കരുത്തായത്. 54 പന്തില്‍ നിന്ന് രണ്ട് ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും അകമ്ബടിയോടെ കൃഷ്ണ പ്രസാദ് 78 റണ്‍സെടുത്തു. സുബിൻ(23), അബ്ദുള്‍ ബാസിത്ത്(24), റിയ ബഷീർ(13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ.കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വേണ്ടി അഖില്‍ സ്കറിയ മൂന്നുവിക്കറ്റും മോനു കൃഷ്ണ രണ്ട് വിക്കറ്റും വീഴ്ത്തി.